താൾ:ശതമുഖരാമായണം.djvu/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശതമുഖരാമായണം.


കിളിപ്പാട്ട്.
ഒന്നാം‌പാദം


രാമ! രാമാത്മാരാമ! ശ്രീരാമ! രമാപതെ!
രാമ! രാജേന്ദ്ര! രാമ! രാജീവവിലോചന !
രാമ! തേ പാദാംബുജം വാഴ്ക മാനസേ മമ;
രാമ! രാഘവ! തവ ചരണം ശരണം മേ.
ശ്രീരാമചരിതവും പാടിസ്സഞ്ചരിക്കുന്ന
ശാരികപ്പൈതലേ! നീ ചൊല്ലണമെന്നോടിപ്പോൾ
സാകേതപതിയായ ഭഗവാൻ പത്മേക്ഷണൻ
രാഘവൻതിരുവടിവിജയം ബഹുവിധം.
ഭാഗവതന്മാൎക്കാനന്ദാമൃതോദയം പരം
യോഗീന്ദ്രന്മാൎക്കു മനോമോഹനം; കേൾപുണ്ടു ഞാൻ.
രാകേന്ദുമുഖിയായ ജാനകീവിജയം നീ
ശോകനാശനം പറഞ്ഞീടണമിനിയിപ്പോൾ.
ഭോഗിനായകഭോഗശയനശക്തിയായ
യോഗമായാദേവിതൻ വിജയം വിമോഹനം.
സാക്ഷാൽ ശ്രീനാരായണപ്രകൃതിവിലാസങ്ങൾ
മോക്ഷസാധനങ്ങളിൽ മുഖ്യമെന്നല്ലോ ചൊൽവൂ.
കേൾക്കയിലത്യാഗ്രഹമുണ്ടെനിക്കിനിയതു
കാൽക്ഷണകാലം കളഞ്ഞീടാതെ ചൊല്ലീടെടോ."
ശാരികപ്പൈതലതുകേട്ടളവുരചെയ്താൾ;
താരകബ്രഹ്മശക്തിവിജയം കേട്ടുകൊൾവിൻ.
 എങ്കിലോ ശതാനന്ദനാകിയ മഹാമുനി
പങ്കജാസനപുത്രനാകിയ വസിഷ്ഠനെ
വന്ദിച്ചുഭക്തിയോടേ ചോദിച്ചു വിനീതനായ്:-
"വന്നിതാനന്ദം രാമചരിതംകേട്ടമൂലം.
നിന്തിരുവടി കനിഞ്ഞരുളിച്ചെയ്തീടണം
സന്തുഷ്ടാത്മനാ സീതാവിജയം മനോഹരം".

"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/1&oldid=174367" എന്ന താളിൽനിന്ന് ശേഖരിച്ചത്