ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ചാരുശ്രീ വായ്ക്കുവോരിന്നൃപനു തിരുവയ-
സ്സേഴുമീരേഴുമേഴും
ചേരും മുമ്പായി വേണാടുടയവിഭു വിശാ-
ഖാവനീ ജീവനാഥൻ-
പോരും ശേഷം കഥിപ്പാൻ പണി-ഭുവനപിതാ-
വിന്റെ വാഞ്ഛാബലത്താൽ-
ത്താരുണ്യത്തിൽ ധരിത്രീവധുവിനു ധവനായ്
മൂലകൻ ലാലസിച്ചു. ൧൮
താരേശപ്പൂനിലാവിൻ ധവളതയവലം-
ബിച്ച കീൎത്തിച്ഛടാംഭഃ-
പൂരേ ലോകത്തെമുക്കും പുതിയ പതിയൊട-
ന്നഞ്ചിതേ! വഞ്ചിദേവി!
പാരേ! പാരം ജയിപ്പൂ ഭഗവതി; ഭവതി-
ക്കംബ! പണ്ടേ തുടങ്ങി-
പ്പാരേവാഗ്വൎത്തി ഭദ്രാസനമഹിമ,യതിൻ-
നന്മയാജന്മരമ്യം. ൧൯
പാരാളും പാണ്ഡ്യചോളേശ്വരർ നിജമകുടീ-
ഭാസ്സിനാൽപ്പാദപീഠം
നീരാജിപ്പിച്ചു കാൽത്താർതൊഴുമളവു യഥാ-
വാഞ്ഛിതം കാഞ്ചിതന്നിൽ
പാരാവാരാംബരാലംകൃതഭരതമഹീ-
പ്രാജ്യസാമ്രാജ്യലക്ഷ്മീ-
താരാധീശാസ്യയാളെത്തഴുകിന ജയസിം-
ഹാത്മജൻ താവകീനൻ. ൨൦