താൾ:ഭാസ്ക്കരമേനോൻ.djvu/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
101


'ബാലകൃഷ്ണാ! നീയെന്താ കുമാരൻനായരുടെ പേരെന്നോടു പറയാതിരുന്നതു്? അതു കാരണം ഈ കുട്ടിയെ വെറുതേ ഞാൻ ദണ്ഡിപ്പിച്ചില്ലേ? തറവാടിന്റെ മാനം കെടുത്തുവാൻ തീൎന്നവക! കുമാരൻനായൎക്കെന്താണൊരു ദോഷമുള്ളതു്?' എന്നു് ഇൻസ്പെക്ടരുടെ കോപം തിരിഞ്ഞുകത്തുവാൻ തുടങ്ങിയപ്പോൾ ബാലകൃഷ്ണമേനോൻ—

'ഞാൻ അച്ഛനോടു പറയാതിരുന്നതു രൂപമില്ലാ...' എന്നതു മുഴുവനാക്കുമുമ്പു 'രൂപമില്ലേ' എന്നു ദേവകിക്കുട്ടി കടന്നുപറഞ്ഞതുകേട്ടു ഉടപ്പിറന്നവളുടെ നേരെ തിരിഞ്ഞു. "നിന്നോടല്ല പറഞ്ഞതു്" എന്നു് അവളെ ഒതുക്കീട്ടു, അച്ഛനോടായിട്ടു് പിന്നെയും—

'രൂപമില്ലാഞ്ഞിട്ടല്ല' വേറെ ചില കാരണംകൊണ്ടാണു്. അതു സ്വകാൎയ്യമായിട്ടേ പറവാൻ തരമുള്ളു' എന്നു പറഞ്ഞു വിളക്കുകൊണ്ടു വാതുക്കലേക്കു നടന്നു. അപ്പോൾ ഇൻസ്പെക്ടരും 'കുട്ടി പോയിക്കിടന്നുറങ്ങു' എന്നു പറഞ്ഞു ദേവകിക്കുട്ടിയേയും കൂട്ടിക്കൊണ്ടു അകായിലേക്കു പോയി.

വിളക്കുംകൊണ്ടു ബാലകൃഷ്ണമേനവനും കുണ്ടുണ്ണിനായരും അകത്തേക്കു കടന്നതുകണ്ടു കുമാരൻനായർ ഒരറ്റത്തൊതുങ്ങി ഒളിച്ചു നിന്നു. കശപിശയൊക്കെശ്ശമിച്ചു് എല്ലാവരും അകായിലേക്കു പോകുന്നതുവരെ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നതേയുള്ളു. ദേവകിക്കുട്ടിയെ ഒരിക്കൽകൂടി തനിച്ചുകണ്ടു സംസാരിക്കുവാൻ തരമുണ്ടാവുമെന്നുള്ള ആശ തീരെ ഭഗ്നമായപ്പോൾ മുന്നൂറുവിധം ചീത്തവികാരങ്ങളോടുകൂടി ഇടയ്ക്കുനിന്നും ഇടയ്കു സാവധാനത്തിൽ നടന്നും ചിലപ്പോൾ മുറുകിനടന്നും വന്നവഴി പരിവട്ടത്തേക്കു മടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/107&oldid=173881" എന്ന താളിൽനിന്ന് ശേഖരിച്ചത്