താൾ:പ്രപഞ്ചവും മനുഷ്യനും.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

13

അത്തരമൊരു സമഗ്രധാരണ ഇപ്പോഴും ഉണ്ടെന്ന് അഭിപ്രായമില്ല. ഉള്ള ധാരണ വെച്ചുതന്നെ ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് പുതിയൊരു വിലയിരുത്തൽ നടത്താൻ ഈ രണ്ടാം പതിപ്പിൽ ശ്രമിച്ചിട്ടുമില്ല. ദാർശനികതലത്തിലുള്ള വ്യാഖ്യാനങ്ങളെ സംബന്ധിച്ചിടത്തോളം സമ്മിശ്രവീക്ഷണങ്ങൾ അതേപടി ഈ പതിപ്പിലും നിലനില്ക്കുന്നുണ്ട്. എങ്കിലും ആധുനികശാസ്ത്രം നമുക്ക് നൽകിയിട്ടുള്ള വിജ്ഞാനസമ്പത്തിന്റെ പ്രാഥമികമായ ക്രോഡീകരണം എന്ന നിലയ്ക്ക് ഈ പുസ്തകത്തിന് പ്രസക്തിയുണ്ടെന്നു ഞാൻ കരുതുന്നു. അതിൽ കവിഞ്ഞ പ്രാധാന്യം ഇതിനില്ലതാനും.

യാന്ത്രിക ഭൗതികവാദവും ലോജിക്കൽ പോസിറ്റിവിസവും കൂടിക്കലർന്നുള്ള സമ്മിശ്ര വീക്ഷണത്തിൽ മാർക്സിയൻ ദർശനത്തിന്റെയും ചരിത്ര, രാഷ്ട്രീയ വീക്ഷണത്തിന്റെയും ഘടകങ്ങൾ കൂടി ചേരുകയാണുണ്ടായത്. മാർക്സിസ്റ്റു പാഠപൂസ്തകങ്ങൾ വായിച്ചിട്ടുള്ള വളരെ പ്രാഥമികവും ഉപരിപ്ലവവുമായ ധാരണ മാത്രമാണ് അന്നുണ്ടായിരുന്നത്. മാർക്സിസ്റ്റു പാഠപുസ്തകങ്ങളിൽ സാധാരണ കണ്ടുവരുന്ന യാന്ത്രികവീക്ഷണം തന്നെയാണ് ഞാനും ഉൾക്കൊണ്ടിരുന്നത്. എങ്കിലും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തെക്കുറിച്ചു അന്ന് ലഭിച്ച ധാരണകൾ വെച്ച് ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങൾ ഓരോന്നും വ്യാഖ്യാനിക്കാനുള്ള ശ്രമം അന്നു നടത്തുകയുണ്ടായില്ല. മറിച്ച്, ഏറെക്കുറെ തുറന്ന മനസ്സോടെ പുതിയ പ്രശ്നങ്ങൾ നോക്കിക്കാണാനാണ് ശ്രമിച്ചത്. ഇത്തരമൊരു സമീപനം കാരണം ചില പ്രധാന പ്രശ്നങ്ങളിലെങ്കിലും പൊതുവിൽ ശരിയായ സമീപനം സ്വീകരിക്കാൻ കഴിഞ്ഞു എന്നതും പ്രസ്താവ്യമാണ്.

ജനിതകശാസ്ത്രരംഗത്തുണ്ടായ പുതിയ കണ്ടുപിടുത്തങ്ങൾവഴി പ്രബലപ്പെട്ട മനുഷ്യനുൾപ്പെടെയുള്ള ജിവികളുടെ സ്വഭാവനിർണ്ണയത്തിൽ പാരമ്പര്യ-ജൈവഘടകങ്ങൾ പ്രധാന പങ്കു വഹിക്കുന്നു എന്ന ധാരണ സാഹചര്യമാണ് നിർണ്ണായകമെന്ന മാർക്സിയൻ വീക്ഷണത്തെ നിഷേധിക്കുകയല്ലേ എന്ന സംശയം ഈ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും ശേഷവും കമ്മ്യുണിസ്റ്റുകാർക്കിടയിൽ വ്യാപകമായി നിലനിന്നിരുന്നു. മാർക്സിസ്റ്റു പാഠപുസ്തകങ്ങൾ, ഇങ്ങനെയുള്ള ധാരണയെ ബലപ്പെടുത്തുന്ന രീതിയിലാണ് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നതും. എന്നാൽ ആധുനിക ജനിതകശാസ്ത്രത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ രൂപീകരിക്കാൻ എനിക്ക് അന്നുതന്നെ കഴിഞ്ഞിരുന്നതുകൊണ്ട്, ജൈവ-പാരമ്പര്യഘടകങ്ങളും സാഹചര്യവും തമ്മിലുള്ള പ്രതിപ്രവർത്തനത്തിലൂടെ മനുഷ്യനടക്കമുള്ള ജീവികളുടെ സ്വഭാവ രൂപീകരണം നടക്കുന്നതെങ്ങനെയാണെന്ന് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ഇത് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തെ നിഷേധിക്കുകയല്ല, മറിച്ച് ബലപ്പെടുത്തുകയാണെന്നും ഉള്ള ധാരണയിൽ അന്ന് ഞാനെത്തിയിരുന്നു. അതുപോലെ, മനുഷ്യരുടെ വ്യക്തിത്വ രൂപീകരണത്തിന്, ജൈവ-പാരമ്പര്യഘടകങ്ങളും മാനസികഘടകങ്ങളും ചരിത്രസാഹചര്യങ്ങളും പരസ്പരം പ്രതിപ്രവർത്തിക്കുന്നതിനെക്കുറിച്ചും ഒരു സാമാന്യധാരണ രൂപീകരിക്കാൻ