താൾ:പ്രപഞ്ചവും മനുഷ്യനും.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

12

സിദ്ധമായ രീതിയിൽ വളർന്നുവരുന്ന സമൂഹത്തോടുള്ള പ്രതിബദ്ധതയും, ഉപരിപ്ലവമായ തലത്തിലെങ്കിലും ശക്തിപ്രാപിച്ചുവന്നിരുന്ന കമ്മ്യൂണിസ്റ്റാഭിമുഖ്യവും എന്റെ രാഷ്ട്രീയവീക്ഷണത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. നക്സൽ ബാരി സമരത്തെ തുടർന്ന് ഇന്ത്യയിൽ വളർന്നുവന്ന വിപ്ലവാനുകൂല അന്തരീക്ഷത്തിൽ, വിപ്ലവത്തെക്കുറിച്ചുള്ള കാല്പനികധാരണകളിലേയ്ക്കാണ് ഇത് എന്നെ നയിച്ചത്. 69 ആരംഭത്തിൽ 'യുഗരശ്മി' മാസികയിൽ പ്രസിദ്ധീകരിച്ചതും ഈ പുസ്തകത്തിന്റെ ആദ്യപതിപ്പിൽ അവസാന അധ്യായമായി പ്രസിദ്ധീകരിച്ചതുമായ ലേഖനം ഈ കാല്പനികധാരണകളുടെയും സമ്മിശ്രവീക്ഷണങ്ങളുടേയും പ്രതിഫലനമായിരുന്നു. (ഈ പതിപ്പിൽ ആ അധ്യായം ഒഴിവാക്കുകയും പകരം അനുബന്ധമെന്ന നിലയ്ക്ക് അതേ വിഷയങ്ങൾ ഇന്നത്തെ ധാരണയുമായി ബന്ധപ്പെടുത്തി കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.)

വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽതന്നെ, വളരെ ഗഹനങ്ങളായ ദാർശനികപ്രശ്നങ്ങളിൽ തല്പരനായിരുന്ന ഞാൻ ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിരുന്ന അന്വേഷണങ്ങളിൽ ആധുനിക ശാസ്ത്രമാണ് പ്രധാന വഴികാട്ടിയായി തീർന്നത്. അങ്ങനെ സ്വന്തമായ നിലയ്ക്ക് തന്നെ ഞാൻ അന്ന് എത്തിച്ചേർന്നിരുന്ന ദാർശനിക നിലപാടുകളിൽ ബൂർഷ്വാശാസ്ത്രത്തിലൂടെ പ്രകടമാവുന്ന യാന്ത്രികവീക്ഷണങ്ങളാണ്, മുഖ്യമായും ആധിപത്യം ചെലുത്തിയിരുന്നത്. ശാസ്ത്രത്തിലുള്ള എന്റെ താല്പര്യം ദാർശനികമായിരുന്നതുകൊണ്ട് ആധുനിക (ബൂർഷ്വാ) ശാസ്ത്രവുമായി ബന്ധപ്പെട്ട് വളർന്നു വന്നിരുന്ന പുതിയ ദാർശനിക ധാരകളിലേയ്ക്കും ഞാൻ ആകൃഷ്ടനായിരുന്നു. ഇരുപതാംനൂറ്റാണ്ടിൽ ശാസ്ത്രജ്ഞന്മാരുടെയും ദാർശനികരുടെയും ഇടയ്ക്ക് വമ്പിച്ച സ്വാധീനം ചെലുത്തിയ ലോജിക്കൽ പോസിറ്റിവിസം പോലുള്ള ബൂർഷ്വാദർശനത്തിന്റെ പല നിലപാടുകളും ശരിയാണെന്ന് അന്ന് ഞാൻ കരുതാൻ തുടങ്ങിയിരുന്നു. എന്നാൽ കമ്മ്യൂണിസത്തോടും മാർക്സിയൻ ദർശനത്തോടുമുള്ള വികാരപരമായ ബന്ധം അന്നും നിലനിന്നിരുന്നതുകൊണ്ട് ലോജിക്കൽ പോസിറ്റിവിസത്തെയും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തേ‌െയും തമ്മിൽ പൊരുത്തപ്പെടുത്താൻ കഴിയുമോ എന്ന അന്വേഷണവും അന്ന് ആരംഭിച്ചിരുന്നു. 'പ്രപഞ്ചവും മനുഷ്യനും' എഴുതുന്ന കാലത്തും ഈ കടകവിരുദ്ധമായ വീക്ഷണങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല. ഈ പൊരുത്തക്കേട് അതിൽ മുഴച്ചുനില്ക്കുകയും ചെയ്തു. യാന്ത്രികഭൗതികവാദത്തിന്റെ പൊതുചട്ടക്കൂട് നിലനില്ക്കുമ്പോൾ തന്നെ ലോജിക്കൽ പോസിറ്റിവിസത്തിന്റെ സ്വാധീനഫലമായ ആശയവാദവീക്ഷണങ്ങളും ഈ കൃതിയിൽ ചിതറി കിടക്കുന്നുണ്ട്. 'നിരീക്ഷിക്കുന്ന വ്യക്തിയുടെ മാനസികപ്രവർത്തനങ്ങൾ സജീവപങ്കാളിയായിക്കൊണ്ടുള്ള പ്രപഞ്ചചിത്രം' തുടങ്ങിയ പരാമർശങ്ങൾ ഇങ്ങനെയാണ് രൂപംകൊണ്ടത്. ഇത്തരം പുതിയ വീക്ഷണങ്ങളിലെ ശരിയും തെറ്റും മാർക്സിസ്റ്റു രീതി അപഗ്രഥിച്ച് കണ്ടെത്താനും വിലയിരുത്താനുമുള്ള ധാരണ അന്നെനിക്ക് ഉണ്ടായിരുന്നില്ല.