താൾ:പ്രപഞ്ചവും മനുഷ്യനും.djvu/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


നെബുലകൾ. പലപ്പോഴും നെബുലകളും ഗാലക്സികളും തമ്മിൽ അതീവ സാദൃശ്യം പുലർത്തുന്നതുകൊണ്ട് സാധാരണയായി ഗാലക്സികളെയും നെബുലകളെന്നു തന്നെ വിളിച്ചുവരുന്നു. നമ്മുടെ ഭൂമി കൂടി ഉൾപ്പെടുന്ന സൗരയൂഥം സ്ഥിതിചെയ്യുന്ന ഗാലക്സിയുടെ പേരാണ് ക്ഷീരപഥം. വളരെ ചെറിയ ഗാലക്സികളിൽ പെടുന്നതാണിത്. ഇത്തരം ഗാലക്സികളിൽ തന്നെ പ്രത്യേകം നെബുലകളെ കാണാം. ഗാലക്സ്യാന്തര നെബുലകളെന്ന് ഇവയെ വിളിക്കാം. എന്നാൽ ബഹുഭൂരിപക്ഷം നെബുലകളും ഗാലക്സികൾക്ക് പുറത്ത് നിലകൊള്ളുന്നവയാണ്. തന്മൂലം അവയെ ഗാലക്സീ ബാഹ്യ നെബുലകളെന്നു വിളിക്കാം.

നിരീക്ഷിക്കപ്പെട്ടിട്ടുള്ള നൂറുകോടിയില്പരം നെബുലകളിൽ ബഹുഭൂരിപക്ഷവും, ഫോട്ടോകളിൽ പതിയുന്നത് മങ്ങിയ നക്ഷത്രങ്ങളുടെ പ്രതിബിംബങ്ങൾ പോലെയാണ്. ഒട്ടേറെ നെബുലകൾ കൂടുതൽ പ്രകാശമുള്ളവയാണ്. എങ്കിലും അവയുടെ പ്രതിബിംബങ്ങൾ വളരെ ചെറുതായതിനാൽ സൂക്ഷ്മ പഠനങ്ങൾക്ക് അവ സഹായകമല്ല. ഗാലക്സിയുടെ ഘടനയെക്കുറിച്ചുള്ള നമ്മുടെ അറിവ് അധികവും വന്നിട്ടുള്ളത്, അത്യധികം ഉജ്ജ്വലമായ ഏതാനും ശതം നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽനിന്നാണ്.

ഏറ്റവും പ്രകാശം കൂടിയ നെബുലകളിൽ അധികവും മധ്യഭാഗത്തുള്ള കേന്ദ്രീകൃതസഞ്ചയത്തിന് ചുറ്റും ഏറെക്കുറെ സമമിതമായി ചുറ്റിക്കൊണ്ടിരിക്കുന്നവയാണ്. അതുകൊണ്ട് ഇവയെ 'നിയമിത' ഗാലക്സികളെന്ന് വിളിക്കുന്നു. നിയമിതഗാലക്സികൾ രണ്ടുവിഭാഗമുണ്ട്. 'അണ്ഡാകാരങ്ങളും' 'സർപ്പിലങ്ങളും'. ആദ്യകാലങ്ങളിൽ കരുതിയിരുന്നതിൽനിന്ന് വ്യത്യസ്തമായി, അണ്ഡാകാര ഗാലക്സികളാണ് സർപ്പിലഗാലക്സികളെക്കാൾ കൂടുതലെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. നമ്മോടടുത്തുള്ള പതിനെട്ടു ഗാലക്സികളിൽ പത്തെണ്ണം അണ്ഡാകാരങ്ങളാണെന്നു കാണാം.

അണ്ഡാകാരനെബുലകളിൽ ഗോളരൂപത്തിലുള്ളവ മുതൽ അല്പം നീളത്തിലുള്ളവ വരെയുണ്ട്. ഇവയിൽ സാധാരണയായി ധൂളിപടലങ്ങളുണ്ടാവില്ല. പക്ഷേ ചിലപ്പോൾ അവ്യക്തമായ ചില വസ്തുസഞ്ചയങ്ങൾ അവയ്ക്കിടയിൽ കാണാം. പ്രതിബിംബങ്ങളുടെ രൂപത്തെയും പ്രകാശതീവ്രതയെയും അടിസ്ഥാനമാക്കിയും ഈ നെബുലകളെ തരം തിരിക്കാറുണ്ട്.

സർപ്പിലനെബുലകൾ രണ്ടുതരത്തിലുണ്ട് സാധാരണ സർപ്പിലങ്ങളും ബാർ-സർപ്പിലങ്ങളും. പൊതുവിൽ ഇവയ്ക്കു രണ്ടു സർപ്പിലഭുജങ്ങളുണ്ടായിരിക്കും. സാധാരണ സർപ്പിലനെബുലകളിൽ ഭുജങ്ങൾ കേന്ദ്രീകൃതഭാഗത്തുനിന്ന് രണ്ടുവശത്തുമായി പതുക്കെ പുറത്തോട്ടു തള്ളിനിൽക്കുന്നു. അതേസമയം ബാർ-സർപ്പിലനെബുലകളിൽ കേന്ദ്രഘനീകൃതഭാഗത്തിനു കുറുകെയുള്ള ദണ്ഡുപോലെയുള്ള നെബുലാസഞ്ചയത്തിന്റെ എതിരറ്റങ്ങളിൽനിന്നു കുത്തനെ പുറത്തോട്ടു തള്ളിനിൽക്കുന്ന