താൾ:പ്രപഞ്ചവും മനുഷ്യനും.djvu/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങളും ഉന്നയിക്കപ്പെടുകയും അവയ്ക്കു പരിഹാരങ്ങൾ കണ്ടെത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയും ചെയ്തിരുന്നു.

സ്ഥല-കാലം

സ്ഥലത്തെയും കാലത്തെയും കുറിച്ചും അവയെ പശ്ചാത്തലമാക്കി സ്ഥിതിചെയ്യുന്ന പദാർത്ഥത്തെക്കുറിച്ചും പഠിക്കാൻ ശ്രമിക്കുമ്പോൾ പൊന്തിവരുന്ന സുപ്രധാനമായ പ്രശ്നമാണ് ചലനം. നിരപേക്ഷമായ ചലനരഹിതസ്ഥലത്തെക്കുറിച്ചുള്ള ന്യൂട്ടോണിയൻ ധാരണയിലന്തർഹിതമായിട്ടുള്ള കുഴപ്പങ്ങൾ പ്രകടമായിത്തുടങ്ങി. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഇതു വലിയൊരു പ്രശ്നമായിത്തീർന്നു. ന്യൂട്ടോണിയൻ സ്ഥലത്തിൽ വിരാമത്തിലിരിക്കുന്ന ഒരു വസ്തു നിരപേക്ഷ വിരാമത്തിലായിരിക്കും; അതേസമയം ന്യൂട്ടോണിയൻ സ്ഥലത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തു നിരപേക്ഷമായ ചലനത്തിലുമായിരിക്കും. മറ്റൊരുവിധത്തിൽ പറഞ്ഞാൽ നിരപേക്ഷമായ അഥവാ യഥാർത്ഥമായ ചലനങ്ങളും, ആപേക്ഷികമായ അഥവാ പ്രകടമായ ചലനങ്ങളും തമ്മിൽ തികച്ചും വേർതിരിക്കുന്നതിനുള്ള ഒരു മാപനാധാരമായിരുന്നു ന്യൂട്ടോണിയൻ നിരപേക്ഷസ്ഥലം.

പഴയ ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങളായിരുന്ന ഗലീലിയോ, ന്യൂട്ടൻ തുടങ്ങിയവരുടെ വസ്തുചലനശാസ്ത്രമനുസരിച്ച് നിശ്ചലത്വവും സ്ഥിരവേഗവും ഫലംകൊണ്ടു തുല്യമാണ്. രണ്ടു വസ്തുക്കളുടെ ചലനത്തെ നിരീക്ഷിക്കുമ്പോൾ ഒന്നു മറ്റേതിനെ അപേക്ഷിച്ച് ചലിക്കുകയാണെന്നു തോന്നും. തീവണ്ടി സ്റ്റേഷനെ പിന്നിടുന്നു. അഥവാ സ്റ്റേഷൻ തീവണ്ടിയെ പിന്നിടുന്നു. ഭൂമി നിശ്ചലമായി നിൽക്കുന്ന നക്ഷത്രങ്ങളോടടുത്തുകൊണ്ടിരിക്കുന്നു; അഥവാ നക്ഷത്രങ്ങൾ ഭൂമിയോടടുത്തു വരുന്നു. ഇവയിലെല്ലാം രണ്ടിലേതാണ് വാസ്തവമെന്നു നിർണ്ണയിക്കുക സാദ്ധ്യമല്ല, ഏതു സ്വീകരിച്ചാലും ചലനശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വ്യത്യാസമൊന്നുമില്ല.

ഈ അടിസ്ഥാനത്തിൽ പ്രകാശത്തിന്റെ പ്രവേഗം സാപേക്ഷമാണോ നിരപേക്ഷമാണോ എന്നുള്ള പ്രശ്നം പൊന്തിവന്നു. പ്രകാശം തരംഗരൂപേണയാണ് പ്രസരിക്കുന്നതെന്ന് അന്നു കരുതപ്പെട്ടിരുന്നു. തരംഗചലനത്തിന് ഒരു മാധ്യമം ആവശ്യമാണ്. പ്രകാശതരംഗം, സർവ്വവ്യാപിയായ അത്തരമൊരു മാധ്യമമായി കരുതപ്പെട്ട 'ഈതറി'ലൂടെയാണു പ്രസരിച്ചുകൊണ്ടിരിക്കുന്നതെന്നു സങ്കല്പിക്കപ്പെട്ടു. ഈതറിന് ഒരു തരത്തിലുള്ള ഗുണങ്ങളില്ല; അത് നിർഗുണമാണ്. കേവലമായ നിശ്ചലത്വമാണ് മൗലികസ്വഭാവം. ഈതറിന്റെ ഈ സവിശേഷത പ്രകാശത്തിന്റെ പ്രവേഗം അളക്കുന്നതിനു സഹായകമായിത്തീരുന്നു. കാരണം നിശ്ചലമായ ഈതറിനെ പശ്ചാത്തലമായി കണക്കാക്കുമ്പോൾ പ്രകാശത്തിന്റെ പ്രവേഗം അതിനെ അടിസ്ഥാനമാക്കി എളുപ്പം കണക്കാക്കാമല്ലോ.