താൾ:ദീപാവലി.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്രഷ്‌ടാവുചെയ്‌തുതൻ കൃത്യം-ദേഹം നമ്മൾക്കു നല്‌കവേ;
ഉരുളയ്‌ക്കുരുളയ്‌ക്കൂട്ടാ-നുഴറുന്നീല തൽകരം.

പൗരുഷം സേചനം ചെയ്‌തേ-ഫലിക്കൂ ദൈവമാം ദ്രുമം;
ഒറ്റച്ചക്രക്കറക്കത്തി-ലോടുന്നീലൊരുവണ്ടിയും.

ദൈവത്തെക്കാത്തിരിക്കാതെ-തേടണം നാം സമുദ്യമം;
വേലചെയ്യാം നമു,ക്കീശൻ-വേണമെങ്കിൽ ഫലം തരും.

ഏതുഭാരം വഹിപ്പാൻ നാം-യത്‌നിക്കുന്നു യഥാർത്ഥമായ്,
അബ്‌ഭാരത്തോടു താങ്ങീടു-മായിരം ദേവർ നമ്മളെ.

ഊതിപ്പറത്താം വിഘ്‌നങ്ങ,-ളുൾക്കരുത്തോടുയർന്നിടാം;
ഉത്സാഹിയൊരുനാൾ സ്വാമി-യൂഴിക്കും ത്രിദിവത്തിനും.


ധനാർജ്ജനപദ്ധതി

നാലുണ്ടുപുരുഷാർത്ഥങ്ങൾ-നമ്മൾക്കാർജ്ജിച്ചിടണ്ടതായ്;
ആമേടതന്നടിത്തട്ടാ-ണർത്ഥം സർവ്വപ്രയോജനം.

ആർക്കു വേണ്ടെന്നു വെച്ചീടാ-മന്നവസ്ത്രഗൃഹാദികൾ?
അർത്ഥം കൂടാതെ ജീവിപ്പാ-നജൻ തീർത്തീല മർത്ത്യരെ.

അർത്ഥവൃക്ഷം തഴയ്ക്കാനു-മർത്ഥബീജം മുളയ്ക്കണം;
ധർമ്മകാമാർജ്ജനം പിന്നെ -ദ്ധനമില്ലായ്കിലെങ്ങനെ?

വായുവിൽപ്പോയ് ലയിക്കുന്ന-വാക്കുമർത്ഥം ഭവിക്കവേ?
വർഷം നൂറു കഴിക്കേണ്ട-മനുഷ്യന്നതു വേണ്ടയോ?

പരോക്ഷമാകും നരകം-പ്രത്യേകം കണ്ടിടേണ്ട നാം;
പ്രത്യക്ഷമതു വായ്പീലേ-പാരിൽദ്ദാരിദ്ര്യരൂപമായ്

പൂ വിരിപ്പൂ ധനാഢ്യന്നു-ഭൂമി രഥ്യയിലെങ്ങുമേ;
മുടക്കി നില്പൂ നിസ്സ്വന്നു-മുൾനിരത്തിപ്പുരോഗതി.

വനം ഗ്രസിക്കും വഹ്നിക്കു-ബാഹ്യപ്രാണൻ സമീരണൻ,
കൃതാന്തൻ കൈവിളക്കിന്നു; -കൃശനോടാർക്കു സൗഹൃദം

സിദ്ധിയൊന്നരുളുന്നുണ്ടു-സേവിക്കുന്നോർക്കു ദുർഗ്ഗതി;
അവർക്കഖിലരും ദൃശ്യ; -രദൃശ്യരവരാർക്കുമേ.

ആശക്കിടാങ്ങളോരോന്നോ-യന്തരിക്കെ, യകിഞ്ചനർ
അവയ്ക്കണയ്പൂ കണ്ണീരാ-ലൗർദ്ധ്വദേഹികമാംബലി

"കെടാതെ ഞാനായ്ത്തീരൊല്ലേ!-കൊടുത്തങ്ങായ് ഭവിക്കണേ!"
ദരിദ്രൻ ധനിയോടോതും-ദേഹിക്കർത്ഥമിതാം ദൃഢം.

"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/9&oldid=173424" എന്ന താളിൽനിന്ന് ശേഖരിച്ചത്