<poem>
ധൈര്യപദ്ധതി
വിപത്തിലും സ്വഭാവത്തെ -വിടുവോരല്ല നല്ലവർ ; നീഹാരമാവതില്ലഗ്നി -നിർവാണസമയത്തിലും.
ഉഷ്ണാശുരക്തൻ താനൊപ്പ- മുദയാസ്തമയങ്ങളിൽ; ഏറുംവിധമിറങ്ങീടു -മേകഭാവർ മനസ്വികൾ.
മറിച്ചിട്ടാലെഴുന്നേൽപൂ- മാർജ്ജാരംകൂടിയും ദ്രുതം ; താഴെവീണാൽ മനുഷ്യന്നു- സമുത്ഥാനം പ്രയാസമോ?
ഭുകമ്പത്തിൽ കുലുങ്ങുന്നു -പുരഗ്രാമങ്ങൾ കൂടിയും ; ദൈവോപരോധം വന്നാലും - ധീരൻ നിശ്ചലമാനസൻ.
എതിരിൽപ്പാതമുട്ടിപ്പാ- നേതുവിഘ്നങ്ങൾ നിൽക്കിലും അവയെത്തട്ടിനീക്കീടാ- മധ്വനീനന്നു വേണ്ടുകിൽ.
അദ്രി മൺപുറ്റൊടൊത്തീടു- മാഴി നീർച്ചാലൊടൊത്തിടും ; ഉറച്ചൊന്നിന്നിറങ്ങുന്നോ- നൂഴി മുറ്റത്തൊടൊത്തിടും.
വാഴ്ത്തിടാം, താഴ്ത്തിടാം, ലോകർ; വരാം ലക്ഷ്മി, വരാതെയാം ; ചകാമിക്ഷണമോ മേലോ;- സന്മാർഗ്ഗം ധീരർ കൈവിടാ.
തേരിന്നൊരൊറ്റച്ചക്രം താൻ;- തേരാളി തുടയറ്റവൻ; എങ്കിലും വാനിലാദിത്യ- നെന്നും യാത്ര സുഖാവഹം.
പേടിച്ചീലല്പ്പവും നഞ്ഞാൽ; -ഭ്രമിച്ചീലലർമങ്കയാൽ; ആഴിവീണ്ടും മഥിച്ചാർപോ- ലമൃതം നേടുവാൻ സുരർ .
പൂവിന്റെ ധർമ്മം മാത്രം താൻ- പുലർത്തുന്നു മനസ്വികൾ ; മർത്ത്യതൻ മുടിയിൽച്ചേരും ; വാടി, യല്ലെങ്കിൽ വീണിടും.
യാചനാവാണി മാനിക്കു -നാവിൽനിന്നു പുറപ്പെടാൻ മുറയ്ക്കു പഞ്ചപ്രാണങ്ങൾ -മുന്നകമ്പടി പോകണം.
പരന്റെ പടി തേടാത്ത -പങ്ഗുതാൻ ഭവ്യമാർന്നവൻ ; അവന്റെ വക്ത്രം കാണാത്തോ- രന്ധൻ താൻ ഹന്ത! നിർവൃതൻ.
മുറ്റും ഖലരെ വാഴ്ത്താത്ത- മൂകൻതാൻ മുക്തപാതകൻ ; പേർത്തും തദുക്തികേൾക്കാത്ത -ബധിരൻതാൻ സുഖാന്വിതൻ. (യുഗ്മകം)
ദൂരസ്ഥമാം ഭയം കണ്ടു- തുടതുള്ളേണ്ട മാനുഷൻ; മുന്നിൽ വന്നതു നിന്നാലോ- മൂർദ്ധാവിൽ പ്രഹരിക്കണം.
ബാഹുക്കൾതൻ പരീവാദം -പേടിക്കേണ്ടവർ തന്നെനാം , ആത്മാവുമവരോടൊന്നി- ച്ചാക്രോശിപ്പാനൊരുങ്ങുകിൽ.
<poem>