ചേർത്തുതാൻ ഗുണദോഷങ്ങൾ -തീർപ്പു മർത്ത്യരെ നാന്മുഖൻ.
ഏറ്റക്കുറച്ചിലുണ്ടാകാ -മിവതൻ യോഗരീതിയിൽ.
വെരുകിൽപ്പുഴുകുണ്ടാകാം; -പാമ്പിൻ തലയിലും മണി;
കടത്തിലും പട്ടസൂത്രം; -ചേറിലും സരസീരുഹം.
അധികാരികളോ നമ്മ -ളന്യർതൻ ദോഷമോതുവാൻ?
അന്ധൻ കാണന്നു കല്പിക്കു -മപവാദം നിരക്കുമോ?
ദോഷമാം കടലിന്നുള്ളിൽ -സൂക്ഷിച്ചാൽ ഗുണമൗക്തികം
കാണാം, മുങ്ങിയതോരോന്നു -കൈകൊൾവൂ പുണ്യശാലികൾ.
അന്യന്റെ സൽഗുണം കാണു -മക്ഷിതാൻ സഫലോദയം;
നാലുപേരോടതോതുന്ന -നാവുതാൻ ചരിതാർത്ഥവും.
അഹിംസാപദ്ധതി
അനേകമുണ്ടു ധർമ്മം നാ -മനുഷ്ഠിക്കേണ്ടതെങ്കിലും
അഹിംസതാനവയ്ക്കെല്ലാ -മസന്ദേഹമധീശ്വരി
ഹിംസാപിശാചിതൻ വേഴ്ച -യ്ക്കേവനുത്സുകനായിടും;
അവന്നു മക്കളായുണ്ടാ -മഘങ്ങൾ പലമാതിരി.
നമുക്കപ്രിയമാമൊന്നും -നാം നാം ചെയ്യൊല്ലാർക്കുമെന്നുമേ;
പ്രിയമാമേതുമേവർക്കും -പേർത്തും ചെയ്യണമെപ്പൊഴും
ചേതസ്സിനാലും വാക്കാലും -ചെയ്തിയാലുമൊരുത്തനും
ജന്തുഹിംസക്കൊരുമ്പെട്ടു -ജന്മം പാഴിൽത്തുലയ്ക്കൊലാ
അണുജീവിക്കുമാനന്ദ -മാത്മജീവിതമൂഴിയിൽ,
അധികാരികളോ നമ്മ -ളതിന്നറുതി ചേർക്കുവാൻ?
ദൈവം കൊടുത്തതാം ജീവൻ -ദൈവം വേണമെടുക്കുവാൻ
നാഥന്റെ ചെങ്കോൽ കീടങ്ങൾ -നാമോ തട്ടിപ്പറിക്കുവാൻ?
വരുത്തൊല്ലഴലുൾത്തട്ടിൽ; -വാർപ്പിക്കൊല്ലശ്രുവാർക്കുമേ;
അടിക്കൊല്ല കളിക്കായും; -ഹനനം പിന്നെയല്ലയോ?
സാപ്പാടുമോടിയാക്കേണ്ട, -സാമ്രാജ്യം നേടിടേണ്ട നാം;
വാനിലും കയറീടേണ്ട, -വധിച്ചിതരജീവിയെ.
കൊന്നുതിന്മാൻ വളർത്തുന്ന -കോഴികൾക്കൊപ്പമായ് നൃപർ
പിണ്ഡം ഭടർക്കു നൽകുന്നു -പീരങ്കിക്കിരയാക്കുവാൻ.
മർത്ത്യഘാതികളാം മന്നർ -മഹാന്മാരെന്നു വാഴ്ത്തവേ
ചരിത്രകൃത്തിൻ പേനയ്ക്കു -ചാരിത്രം മൺമറഞ്ഞുപോയ്.
താൾ:ദീപാവലി.djvu/25
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല