താൾ:ദീപാവലി.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കടുക്ക ദൈവം നൽകട്ടേ; -കല്ക്കണ്ടെന്നു നിനച്ചു നാം
കുടിച്ചിറക്കിയാൽത്തീർന്നു -കാര്യം; തോറ്റോടി തന്നവൻ.

ആശ്ചര്യമാം വിലങ്ങൊന്നു -ണ്ടാശയാം പേരിലൂഴിയിൽ;
തൽബദ്ധൻ ധാവനം ചെയ്‌വൂ; -തന്മുക്തൻ നില്‌പൂനിശ്ചലം.

ചൂളുക്കു വീണൂ വക്ത്രത്തിൽ; -ത്തൂവെള്ളിവടിവായ് മൂടി;
എല്ലെടുത്തു വപു,സ്സാശ -യ്‌ക്കെന്നിട്ടും നവയൗവനം!

പാശം യമൻ ഗളത്തിങ്കൽ -പ്പതിപ്പിക്കും ക്ഷണത്തിലും
പാരെല്ലാം സ്വന്തമാക്കീടാൻ -പരക്കം പാഞ്ഞീടുന്നു നാം.

എങ്ങും, വിഭവമാമാജ്യ -മെത്രയ്‌ക്കെത്രയ്‌ക്കു വീണിടും
ആശയാമഗ്നിതജ്വാല -യത്രയ്‌ക്കത്രയ്‌ക്കുയർന്നിടും.

കുഴിച്ചുമൂടും നാണത്തെ, -ക്കുരങ്ങാടിച്ചു നിർത്തിടും
കാനൽവെള്ളം കുടിപ്പിക്കും; -കടുപ്പം തൃഷ്‌ണതൻ ചതി.

ശൂന്യമാം മനമെന്നുള്ള -ചുടലക്കാട്ടിലെന്നിയേ
തൃഷ്‌ണാപിശാചിക്കാടീടാൻ -തീർത്തിട്ടില്ല കളം വിധി.

സന്തുഷ്‌ടിയെന്ന്യേ മറ്റില്ല -ശാശ്വതം ധനസഞ്ചയം;
ദുരയല്ലാതെ ലോകത്തിൽ -സ്ഥൂലമാമൃണഭാരവും.

ലഭിക്കുവോളമായാസം, ലഭിച്ചാലപ്പുറം മദം,
ദുഃഖം പൊയ്‌പോകിൽ;മറ്റെന്തും; -സുഖം സന്തോഷമൊന്നുതാൻ;

സ്വർഗ്ഗം മന്നോടടുപ്പിക്കും -ദൂരദർശിനിപോലവേ;
സ്വല്‌പത്തെ വലുതായ്‌ക്കാട്ടും -സൂക്ഷ്‌മദർശിനിപോലെയും.
                                                                                   (യുഗ്മകം)

ആരോഗ്യമേകുമാഹാര -മാധിതീർക്കുന്ന ഭേഷജം;
അന്തസ്സന്തോഷ,മതുവി -ട്ടാശയ്‌ക്കെന്തർഹമൂഴിയിൽ?


വിനയപദ്ധതി

വിനയം വാച്ചിടുന്നോനു -വിശ്വവും വശ്യമായ്‌വരും;
ശരത്തിൽ വെള്ളം താഴുമ്പോൾ -സ്‌നാനത്തിന്നർഹമാം നദി.

പാരായിടും നമുക്കുള്ള -പണ്ടത്തേത്തറവാടിതിൽ
താണുതന്നെ നടക്കേണം -തലമുട്ടാതിരിക്കുവാൻ.

താണുതാണുയരത്തേക്കു -തത്വവേദികൾ കേറവേ,
പൊങ്ങിപ്പൊങ്ങിക്കിഴുപ്പോട്ടു പോരുന്നൂ പടുവിഡ്‌ഢികൾ.

പാരം മൗലി കുനിക്കുന്നു -ഫലം തിങ്ങിന പാദപം,
അപ്രാപ്യമല്ല തന്നർത്ഥ -മാർക്കുമെന്നറിയിക്കുവാൻ.

"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/22&oldid=173402" എന്ന താളിൽനിന്ന് ശേഖരിച്ചത്