Jump to content

താൾ:ചൈത്രപ്രഭാവം.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവിടത്തേക്കവധിവിട്ടരുളുവാൻ കനിയട്ടെ
ഭവികങ്ങൾ പരാർദ്ധ്യങ്ങൾ പഥോജനാഭൻ.
അവിടേയ്ക്കീയനിതരസുലഭമാം ഗുണഗണ-
മെവിടുന്നുളവായെന്നേവർ കാണ്മീല!
അവിടത്തെ പ്രിയതമാ, വനശ്വരയശസ്വിനി,
വിവിധസൽകലാവലീവിലാസഹർമ്മ്യം;
സരസ്വതീദേവിയുടെ സമഗ്രമാമവതാര,-
മരിവയർകുലം ചാർത്തുമനഘരത്നം;
പാരിടത്തിൻ പ്രതിനവഭാഗ്യതാര,മവിടുന്നി-
പ്പാരിജാതലതയിലെ പ്രഫുല്ലപുഷ്പം.
അവിടത്തേ മന്ത്രിവര്യനനവദ്യവിദ്യാരാശി,
ദിവിഷദാചാര്യകല്പൻ, ദീനദയാലു,
അഭിനവരാജ്യതന്ത്രജ്ഞാഗ്രയായി, ഭാരതത്തി-
ന്നഭിമാനധ്വജസ്തംഭ, മത്ഭുതചര്യൻ,
രാജാരാമമോഹനാദികുർമ്മശൂരസമശീർഷൻ,
രാജമാനയശസ്തോമൻ, രാമസ്വാമ്യാര്യൻ.
മഹതിയാമവിടത്തെജ്ജനനിക്കും സഹജയ്ക്കും
സഹജനും സചിവനും ബാന്ധവന്മാർക്കും
അരുളട്ടെ പകലിരവനുഗ്രഹമതിമാത്രം
നിരുപമകൃപാസിന്ധു നീരജനേത്രൻ.

"https://ml.wikisource.org/w/index.php?title=താൾ:ചൈത്രപ്രഭാവം.djvu/12&oldid=173118" എന്ന താളിൽനിന്ന് ശേഖരിച്ചത്