താൾ:ചൈത്രപ്രഭാവം.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിരൽചൂണ്ടിക്കാട്ടി ലോകം ചിരിക്കും കല്ലായിരുന്ന
ഭരതക്ഷ്മാഭിധയാകുമഹല്യയാളെ
ശ്രീലമാം തൻ പുരാതനരൂപമേകിക്കാത്തുവല്ലോ
ബാലരാമചന്ദ്രനാകുമിബ്ബാഹുജശ്രേഷ്ഠൻ.
ലോകഗുരു ശങ്കരനുജന്മദാത്രി വഞ്ചിഭൂമി
കാകവന്ധ്യയല്ലയെന്നു കാണിച്ചു കാലം.
തെക്കറ്റത്താണിരിപ്പതിദ്ദേവതയെന്നാലു; മില്ല
തർക്ക,മിന്നു സർവോത്തരമായി തൽസ്ഥാനം.
ഈ മലയവായുവിന്റെ വെന്നിക്കൊടിക്കൂറ പാറും
സോമചൂഡശ്വശുരൻതൻ ശിരസ്സിൽപ്പോലും.
മറയുമിച്ചന്ദനത്തിൻ പരിമളത്തിങ്കൽ മേലി-
ദ്ധരയിലെദ്ദുരാചാരപൂതിഗന്ധങ്ങൾ.
മഞ്ജുളാംഗി! ഭരതോർവി! ഭവതിയിന്നർഹയായി
മഞ്ഞമലവൈരമുടി മൗലിയിൽച്ചൂടാൻ;
വിൺപുഴയാം മുത്തുമാല മാറിടത്തിലണിയുവാ-
നുമ്പർപോലുമൃഷിമാതാവെന്നു പുകഴ്ത്താൻ.
ചിലരുണ്ടാമങ്ങുമിങ്ങുമിതിലരോചകികളാ,-
യുലകമാം വെണ്മതിക്കെന്നില്ലിക്കളങ്കം?
സാധ്യമല്ല കല്പകാലസാഗരത്തിൻ തിരകൾക്കു-
മാർദ്രമാക്കാനവർ പേറുമശ്മഹൃദയം.
വരം തരാൻ ഹരിവന്നാൽ നിറംകണ്ടു വിരണ്ടോടി-
യൊരുജലാശയത്തിൽപോയ് മുഴുകിനിൽപോർ;
പരബ്രഹ്മത്തോടുചേർന്നു ലയിച്ചിടുമ്പൊഴുമതി-
ന്നൊരുശുദ്ധികർമ്മം ചെയ്‌വാനുറച്ചിരിപ്പോർ;-
ഇരുന്നുകൊള്ളട്ടെ നമുക്കവർകൂടിസ്സമീപത്തിൽ-
പരിഷ്കാരചിത്രങ്ങൾ തൻ പശ്ചാത്തലങ്ങൾ.
ഹരിജനപരമ്പരയവിരതം സന്ദർശിക്കും
തിരുപ്പതിയിനിത്തിരുവനന്തപുരം,
ചിദംബരം തിരുവൈക്കും, മധുര കുമാരീക്ഷേത്രം;
ശ്രുതിസുഖദമാം ശബ്ദം ദ്വ്യക്ഷരി വഞ്ചി.
ജയ ജയ ചിത്രോദയ! വഞ്ചിഭൂമീകമിതാവേ!
ജയ ജയ സാധുജനശർമ്മദാതാവേ!
ജയ ജയ ദുരാചാരധ്വാന്തബാലസവിതാവേ!
ജയ ജയ ഹിന്ദുധർമ്മമർമ്മവേത്താവേ!
അവിടുത്തേ ഹൃദയത്തിൻ വിരിവിനുമുറപ്പിന്നു-
മവികലം ധന്യവാദമരുളുമാരും;
അവിടുത്തേ മഹത്താമീയപദാനം ഭക്തിപൂർവ്വ-
മെവിടെയും വാഴ്ത്തും ലോകമേതുകാലത്തും;
അവിടത്തേത്തിരുനാമമവനിയിലായുഗാന്ത-
മെവിടെയും പ്രകാശിക്കുമേകാന്തശോഭം.

"https://ml.wikisource.org/w/index.php?title=താൾ:ചൈത്രപ്രഭാവം.djvu/11&oldid=173117" എന്ന താളിൽനിന്ന് ശേഖരിച്ചത്