ന്നുള്ളു, ചെവിക്കൊള്ളുന്നുള്ളു, അനുസരിയ്ക്കുന്നുള്ളു. ഈശ്വരൻ സദാ എപ്രകാരം നിർദ്ദേശങ്ങൾ നൽകുന്നു എന്നതുമാത്രമേ അറിയേണ്ടതുള്ളു. ഗാന്ധിജിയ്ക്ക് ഈശ്വരനേപ്പററി ധാരാളം പറയാനുണ്ടു്. ഈശ്വരനെപ്പററിയുള്ള അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ ഇതിനടിയിൽ ചേർക്കുന്നതിൽ നിന്നും നമുക്കു് ഒട്ടുവളരെ ഗ്രഹിയ്ക്കാനുള്ളതായി കാണാം.
"എനിയ്ക്ക് ഈശ്വരൻ സത്യവും സ്നേഹവും ആണു്. ഈശ്വരൻ ആദ്ധ്യാത്മിക ശാസ്ത്രവും സദാചാരനിയമവും ആണു്. ഭയമില്ലായ്മയാണു് ഈശ്വരൻ. വെളിച്ചത്തിന്റേയും ജീവന്റേയും ഉത്ഭവസ്ഥനമാണു് എങ്കിലും ഈശ്വരൻ അവയ്ക്കു് ഉപരിയും അതീതവും ആകുന്നു. ഈശ്വരൻ മനഃസ്സാക്ഷിയാകുന്നു......... അദ്ദേഹം സകല ഹൃദയങ്ങളുടേയും പരിശോധകനത്രേ. പദങ്ങളുടേയും യുക്തിവാദത്തിന്റേയും മേലെയാണു് അദ്ദേഹത്തിന്റെ നില...... ഏററവും പരിശുദ്ധമായ സത്താണ് ഈശ്വരൻ. എല്ലാവരുടേയും എല്ലാം അദ്ദേഹമാണു്."
ഗാന്ധിജി അറിയുന്ന ഈശ്വരൻ 'സത്യം' ആണു്. സത്യമായിട്ടു മാത്രമേ അദ്ദേഹം ഈശ്വരനെ ഭജിക്കുന്നുമുള്ളൂ. "ഈശ്വരൻ സത്യമാണെന്നു പറയുന്നതിനേക്കാൾ ശരിയായിട്ടുള്ളതു് സത്യമാണു് ഈശ്വരൻ എന്നു പറയുന്നതാണു്. എന്നാൽ നമുക്ക് ഒരു നേതാവോ നായകനോ ആവശ്യമാകയാൽ രാജാധിരാജൻ (King of Kings) സർവശക്തൻ ഇത്യാദി നാമങ്ങൾ കൊണ്ടു് അദ്ദേഹം അറിയപ്പെടുന്നതാണു്." "ഈശ്വരവിലാസം നിരവധിയാകയാൽ അദ്ദേഹത്തിനു നിരവധി നാമങ്ങളും സിദ്ധിച്ചു. ആ നാമങ്ങൾ കാരണം ഞാൻ അത്ഭുതാധീനനായി മരവിച്ചു പോയിട്ടുണ്ടു്. എന്നാൽ സത്യമെന്ന നിലയിൽ മാത്രമേ ഞാൻ ഈശ്വരനെ ഭജിക്കുന്നുള്ളു."