ഒരു വ്യക്തിയുടെ ജീവിതത്തിൽ മാത്രമല്ല മേപ്പറഞ്ഞ തത്വം പ്രയോഗിക്കുന്നത്. ഒരു സംഘത്തിലും ഈ വക തത്വങ്ങൾ പ്രയോഗിക്കാമെന്നതാണ് ഇതിന്റെ വിശേഷം. ഓരോവ്യക്തിയും അവനവന്റെ ജീവിതത്തെ പരിശുദ്ധമാക്കി സേവനം അനുഷ്ഠിക്കുകയെന്നതാണ് ആദ്യത്തെ പടിയെങ്കിലും സമുദായമൊട്ടാകെ ഫലപ്രദമായി പ്രയോഗിക്കാവുന്നതാണ് സത്യാന്വേഷണവും അഹിംസാമാർഗവും എന്നു ഗാന്ധിജി ലോകത്തെ പഠിപ്പിച്ചു. സാമുദായികമായ ദുരാചാരങ്ങളും അനീതികളും ഇല്ലായ്മചെയ്യുന്നതിനു ജനസമൂഹം ഏതുപ്രകാരം വൎത്തിക്കണമെന്നു് - അതായത് അഹിംസ എപ്രകാരം പ്രയോഗിക്കണമെന്നു് - ഗാന്ധിജി ഉപദേശിയ്ക്ക മാത്രമല്ല ഉദാഹരണങ്ങൾ കൊണ്ട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടു്. വ്യക്തിയുടെ ഉന്നമനത്തിനുവേണ്ടിയുള്ള പദ്ധതി തന്നെ സമൂഹ്യമായി പ്രവൎത്തിപ്പിച്ചാൽ സമൂഹത്തിനു് ഒന്നായി ഉൽക്കൎഷം ഉണ്ടാകുമെന്നു ചുരുക്കം. ഒരു വ്യക്തിക്കാണെങ്കിൽ അഹിംസാ വ്രതം കൂടുതൽ നിഷ്കൎഷിച്ചു് അനുസരിക്കാം. ഒരു സംഘത്തിനു് അത്രതന്നെ സാദ്ധ്യമല്ല എന്നുള്ള പരമാൎത്ഥം അദ്ദേഹവും അറിയുന്നുണ്ടു്. അതുകൊണ്ടാണു് ഗാന്ധിജിയുടെ ആശ്രമവാസികൾ അനുസരിക്കേണ്ടതായ പതിനൊന്നു നിയമങ്ങളും സാധാരണ സത്യഗ്രഹഭടനു് അനുസരിക്കേണ്ടതില്ലെന്നു വച്ചിരിക്കുന്നത്. സത്യഗ്രഹഭടനു് ഏറ്റവും കുറഞ്ഞ നിയമം ഖദർധാരണവും മദ്യപാനമില്ലായ്മയും മാത്രമാണു്. സാമൂഹ്യമായി അഹിംസ അതിന്റെ ഉച്ചകോടിയിൽ എത്തുകയില്ലെങ്കിലും സാമൂഹ്യമായ അനീതികളോട് എതിൎക്കുന്നതിനു വേണ്ടത്ര ശക്തി ഈ ചെറുതരം അഹിംസയ്ക്കുമുണ്ടെന്നു് നാം പഠിച്ചുകഴിഞ്ഞു.
"ലോകം എങ്ങിനേയും പോകട്ടെ, ഞാൻ സ്വയം സംശുദ്ധനായി നിർവാണമടയാം" എന്നഭിപ്രായമുള്ള