തോന്നുന്ന പ്രയോഗങ്ങൾ കാണാം. ഇപ്രകാരം ഇന്നും അപൂൎണ്ണമെന്നു കൂടി പറയാവുന്ന ആ ഗാന്ധിമതത്തെ സങ്കുചിതമായ അകല്പനയ്ക്കിടയാക്കുന്ന 'ഗാന്ധിസ, പദത്താൽ വിളിക്കാതിരിയ്ക്കയാണ് ശാസ്ത്രാനുസൃതമായിരിക്കുന്നത്.
ഈ ഗാന്ധിയൻ മഹാതത്വം സൂക്ഷ്മമായി പരിശോധിച്ചാൽ അത്ഭുതകരമാംവണ്ണം ലളിതവും ലാഘവമുള്ളതും ഏതു സാമാന്യമനുഷ്യനും ഏറെറടുക്കാവുന്നതുമത്രേ. ഗാന്ധിജി കുത്തിയിരുന്നു കുറിച്ചു വച്ച ഒരു സിദ്ധാന്തമല്ലത്. കുട്ടിക്കാലം മുതൽക്കുതന്നെ ദൈനന്ദിനാനുഭവത്തിൽ നിന്നും കണ്ടും അറിഞ്ഞും അനുഭവിച്ചും ശരിയെന്നു തോന്നിയ മാർഗങ്ങളുടെ ക്രോഡീകരണം മാത്രമാണ് അത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജീവരിത്രത്തിനു് 'സത്യാന്വേഷണ പരീക്ഷകൾ', എന്നു അദ്ദേഹം തന്നെ പേരു നൽകിയതു്. ചുരുക്കിപ്പറഞ്ഞാൽ സത്യമാകുന്ന ഈശ്വരനിൽ എത്തിചേരുക എന്ന ലക്ഷ്യം വച്ചു് അഹിംസയാകുന്ന മാൎഗ്ഗത്തിൽകൂടി ചരിക്കുകയെന്നതാണു് ഈ തത്വം. അതായതു് സത്യാന്വേഷണം ജീവിതലക്ഷ്യവും മാർഗം ഹിംസാവിഹീനവും ആയിരിക്കുന്ന അവസ്ഥ. അഹിംസ എന്നതു് സത്യത്തിൽ നിന്നും അകന്നതോ ഭിന്നമോ അല്ല മഹാത്മാവിന്റെ ദൃഷ്ടിയിൽ. ലക്ഷ്യത്തിന്റെ അംശം തന്നെ മാർഗവും. അഹിംസാമാർഗ്ഗത്തിനു സഹായകമായി ബ്രഹ്മചര്യം, ഭക്ഷണ ക്രമീകരണം, ലഘു ജീവിതം, കായിക ജോലി, മൗനവ്രതം, പ്രതിജ്ഞകൾ, നിരാഹാരവ്രതം ഇത്യാദി കൈക്കൊള്ളേണ്ടി വരുന്നു എന്നുമാത്രം. ഇപ്രകാരം ചിട്ടപ്പെടുത്തുന്ന ജീവിത ചര്യകൊണ്ട് സത്യാന്വേഷണം ലാഘവമായിത്തീരുന്നു. സകലകൎമ്മങ്ങളിലും അഹിംസാമാർഗ്ഗവും സത്യാന്വേഷണവും തികഞ്ഞിരിക്കണമെന്നു വന്നുകൂടുന്നു.