Jump to content

താൾ:കല്ലോലമാല.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശീതളചന്ദ്രികയിൽ ദീപങ്ങൾ തെല്ലകലെ
ച്ചേതോഹരങ്ങളായിക്കുളിർത്തുമിന്നി.
സംഗീതതരളിതതുംഗതരംഗകങ്ങ-
ളങ്ങിങ്ങു മദാലസനടനമാടി.
പ്രേമസല്ലാപലോലരായൊരു തോണിയിങ്കൽ
നാമിരുവരും മെല്ലെത്തുഴഞ്ഞുപോയി.

മുന്നോട്ടു മുന്നോട്ടു നാം പോകവേ മനോഹര-
സംഗീതധാരകളുമുയർന്നുപൊങ്ങി.
വീചികൾ പരസ്പരമാശ്ലേഷം ചെയ്തു ചെയ്തു
വീതസന്താപം വീണ്ടുമലിഞ്ഞുപോയി.
കണ്മണി, നമ്മളുമന്നായവയൊരുമിച്ചു,
പിന്നെയുമാത്തമോദം തുഴഞ്ഞുപോയി!

അല്ലലിൽ

നിന്നനഘനേത്രങ്ങൾതൻ നീല-
നിർമ്മലോൽപ്പലപുഷ്പങ്ങൾ;
മുന്തിരിച്ചാറുപോലരുണമാം
നിൻകവിൾപ്പനീർപ്പൂവുകൾ;
ഉല്ലസൽസിതപാണികളിളം.
മല്ലികാമലർത്തൊത്തുകൾ,
ഓരോരോ വർഷം പോകവേ, നവ-
ചാരുത വളർന്നങ്ങനെ,
എല്ലാമായവയെല്ലാ,മൊന്നുപോ-
ലുല്ലസിപ്പു, ഹാ, മേല്ക്കുമേൽ!-

കഷ്ട,മെന്നാൽ നിന്മാനസം മാത്രം
വിട്ടുമാറാത്തൊരല്ലലിൽ,
കൊച്ചിതളുകളൊക്കെയും, കൊഴി-
ഞ്ഞെത്രമാത്രം വിളർത്തുപോയ്...

--ഹെൻറീച് ഹീനേ.
"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/6&oldid=173003" എന്ന താളിൽനിന്ന് ശേഖരിച്ചത്