താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പ്രേമലേഖനമതു വായിച്ചുമാവർത്തിച്ചും
രോമഹർഷത്താലൊന്നു പുഞ്ചിരിതൂകീടുമ്പോൾ
പറയും പതുക്കെയപ്പത്രികളെന്തോ, ചിത്തം
പതറിപ്പകച്ചു ഞാൻ നോക്കുമെൻ പരിസരം.
പുഞ്ചിരിയടക്കിക്കൊണ്ടെത്തിനോക്കീടുമാരോ
മഞ്ജുളമലർകളും മന്ദമെൻ പിറകിലായ്.
ഉച്ചലന്മരുത്തുമക്കത്തു കണ്ടതിൻ പൊരു—
ളുച്ചരിച്ചുലാത്തിടുമുമ്മറപ്പൂങ്കാവിങ്കൽ.
കണ്ണടച്ചു ഞാൻ ലജ്ജാമൂകയായ്ത്തലതാഴ്ത്തും,
കർണങ്ങൾ പരിഹാസംകേട്ടെറ്റം തഴമ്പിക്കും!....

കോമളപദാവലിയിളകിത്തെളിഞ്ഞെന്നെ—
ക്കോൾമയിർക്കൊള്ളിക്കുമസ്സന്ദേശഗാനാമൃതം
എത്രമേൽ നുകർന്നാലുമതാവതല്ലതിനെന്റെ
തപ്തമാനസത്തിനെസ്സന്തൃപ്തമാക്കീടുവാൻ!
കണ്ടിടാമതിലേറെത്തത്ത്വോപദേശം, പക്ഷേ,
കണ്ടതില്ലെന്നാഥന്റെയാഗമവൃത്താന്തങ്ങൾ
ആശിപ്പതതുമാത്രം ഞാനെന്നു, മദ്ദേഹത്തി—
നായിരം വിശേഷങ്ങളുണ്ടോതാൻ പുതിയതായ്!
ഇത്രനാളറിഞ്ഞവയൊക്കവേയപൂർണങ്ങ—
ളെന്ത്തുവാനിനിയുള്ളതൊക്കവേയവർണ്യങ്ങൾ!
നീളുമീ നിരാശയെ നിതരാം നുകരാനോ
നീയെനിക്കേകീടുന്നു നിത്യമിസ്സന്ദേശങ്ങൾ?
ലോകത്തിൻ പരിഹാസപ്പാഴ്മരുപ്പരപ്പിലി—
ശ്ശോകത്തിൻ നിഴലാം ഞാൻ മായുന്നതെന്നാണാവോ?