താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അർത്ഥന
സത്യപ്രകാശമേ, യെന്നെയുമാ
നിത്യതയിങ്കലേക്കൊന്നുയർത്തു.
കണ്ണീർക്കണങ്ങൾ തുളുമ്പിനില്ക്കും
സുന്ദരമാമിപ്പളുങ്കുപാത്രം
ഘോരനിരാശാശിലാതലത്തി-
ലാരുമറിയാതുടയും മുന്നിൽ
ബന്ധുരമായ നിൻ പ്രേമപൂർണ-
ചന്ദ്രികതന്നിലലിഞ്ഞുവെങ്കിൽ!....
തങ്കക്കതിരവകാന്തിപൂരം,
തിങ്കൾക്കലതന്റെ മന്ദഹാസം,
കാകളി പാടിയിങ്ങോടിയെത്തും
കോമളവാസന്തശ്രീവിലാസം,
എത്രമേലെന്നെത്തഴുകിലുമീ
നിത്യമാം ശൂന്യതയ്ക്കില്ലൊരന്തം!....
ഭാവനപ്പൂവനചൈത്രമേ, നിൻ
പാവനഗാനമരന്ദസാരം
പാടുവാനാശിച്ചലഞ്ഞിടുമീ
വീണയിലല്പമൊഴുകുവാനായ്
-പ്രേമരഹിതമീ ലോകമൊന്ന-
ക്കാർമ്മുകിൽക്കാർമ്മുകം കാണുവാനായ്
--കമ്പിതഗാത്ര ഞാനെത്ര മിന്നൽ-
ക്കമ്പികൾ മേലുമഴിച്ചുകെട്ടാം....!