താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കോടക്കാർ തിങ്ങുമീയന്തരീക്ഷത്തിങ്ക-
ലോടക്കുഴൽവിളി നീ മുഴക്കൂ!
മഞ്ജുളോഷസ്സിന്നു മാഹാത്മ്യമേറ്റുവാൻ
മഞ്ജരി പൊട്ടിച്ചിരിച്ചിടേണം;
താരകക്കുഞ്ഞുങ്ങൾ പുഞ്ചിരി തൂകുവാൻ
വാരിദമാല കരഞ്ഞിടേണം;
താമരത്തോപ്പിന്നു മർമ്മരം മൂളുവാൻ
മാലേയത്തെന്നലലഞ്ഞിടേണം;
തെല്ലിട കൂടാതെ കൂലം ചിരിക്കുവാൻ
കല്ലോലം പല്ലവി പാടിടേണം;
മഞ്ഞുകണികകൾ മിന്നുവാൻ പുല്ക്കൊടി
മൗനസംഗീതം പൊഴിച്ചിടേണം;
ജീവിതപാത്രം വരളാതിരിക്കുവാ-
നീവിധം നിത്യം പാടിടേണം!....