താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഒരുവിധം മമ നെടുവീർപ്പന്ത്യമായ്
കരിമുകിൽചിന്നും ഗഗനത്തിലെത്തി
കരയുവാൻ മാത്രം പിറന്ന വാനിനെൻ -
കഥകൾ കേട്ടല്പമലിവു തോന്നിപ്പോയ്.
വിശുദ്ധതതന്റെ വിഹാരവേദിയാം
വിയത്തിനും ഗതിതാനെപ്പോഴും;
കനകപ്പൂമഴപ്പൊഴിക്കും കാമുകൻ
കതിരവൻ നിത്യം കഴൽ പണിഞ്ഞിടും;
പ്രണയപ്പാൽപ്പുഴയൊഴുക്കിക്കൊണ്ടൊരു
പനിമതിയെത്തിത്തനിഞ്ഞുകേണിടും,
ക്ഷണികമാമൊരുമഴവില്ലിന്നു തൻ-
പ്രണയമർപ്പിച്ചു കഴികയാം വാനം!
മറഞ്ഞുപോയൊരാ മഹാപ്രകാശത്തെ
സ്മരണയിൽക്കണ്ടിട്ടകം കുളുർക്കവേ
തടില്ലതകളാം തരളനേത്രങ്ങ-
ളിടയ്ക്കു മന്ദമായ്ത്തുറന്നുംചിമ്മിയും
വൃഥാവിലായ് ജന്മംകഴിക്കുമാ രാഗ-
വിവശയേകി നാളെനിക്കിസ്സന്ദേശം:
"തിരയുക സഖി, തിരയുക സഖി,
ചിരസമാർജ്ജിത സുകൃതപുഞ്ജത്തെ."
വ്രണിതയാമെന്നിലനുപമാനന്ദ-
കണിക പെയ്യുമക്കളമൃദുഗാനം
അനുദിനമെന്നിൽ പകരും വാനിടം
അതു നുകരുവാനിവിടെയെത്തും ഞാൻ;
ഫലരഹിതമീ പ്രവൃത്തികൊണ്ടുതാൻ
വിലയം പ്രാപിക്കാതിരിക്കയില്ല ഞാൻ.
കരുണമാത്രമാണെനിക്കു വേണ്ടതി-
ദ്ധരണിയലതിന്നുറവു വറ്റിപ്പോയ്!
വിരിഞ്ഞൊരിസ്സുമം കരിഞ്ഞു വീഴ്വോളം
കരഞ്ഞുതന്നെ മേൽ കഴിച്ചിടാം കാലം.......!