താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കെട്ടഴിഞ്ഞൊട്ടുമൊതുങ്ങാതെ പാദങ്ങൾ
തൊട്ടുഴിഞ്ഞീടുമക്കേശഭാരം,
എന്നും തടവിവിടുർത്തുവാനല്ലാതെ
തെന്നലിന്നില്ലൊരു ജോലി വേറെ.
എന്തി,നാ രൂപം സ്മരിക്കലാണെന്നെനി-
ക്കെങ്കിലും പ്രീതിദമായ കാര്യം!
ആളാരും കൂട്ടിനു കൂടാതെ സായാഹ്ന-
വേളകൾതോറുമങ്ങെത്തിടും ഞാൻ.
ചെന്നേല്ക്കുലയല ചേർക്കുന്ന പാടത്തിൽ
തെന്നലുമേറ്റു നടന്നു ചുറ്റും
ദൂരവേ പൈക്കളെ മാടിവിളിക്കുമ-
ത്താരൊളിമേനി കണ്ടാനന്ദിക്കും!....

രാഗത്തിൻ മാധുര്യം ത്യാഗത്തിലാണെന്നാ
നാകത്തിലാരോ കുറിച്ചിടുമ്പോൾ,
ഞാനൊരു ഗാനസമ്പൂർണ്ണമാം വേണുവായ്
പൂനിലാപൊയ്കയിൽ മുങ്ങിപൊങ്ങും!....

അന്നൊരു തപ്തമാം മധ്യാഹ്നനേരത്തി-
ലങ്ങിങ്ങു ചുറ്റിത്തിരിഞ്ഞൊടുവിൽ
പാന്ഥൻ ഞാൻ 'ശ്യാമള' മേവിടുമാലയ-
പ്രാന്തപ്രദേശത്തിൽ വിശ്രമിക്കേ
'ഓമനത്തിങ്കളാം' താരാട്ടു പാടിയൊ-
രോമനക്കുഞ്ഞിനെ മാറിലേന്തി,
തൂണിൻ മറവിലായങ്ങുച്ചനേരത്തൊ-
രേണാങ്കബിംബമുദിച്ചു കണ്ടു!
അമ്മയാണെന്നവളെന്നു മുലകുടി-
ച്ചമ്മണിപ്പൈതൽ വെളിപ്പെടുത്തി.

ഹന്ത! മന്മാനസ വീണതൻ തന്ത്രികൾ-
ക്കന്തരമെന്തിത്ര വന്നതാവോ?....