താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


'മധുവിധു' കാലനിശകളേക്കാളും
മധുരമീപ്രേമകലഹങ്ങൾ.'
സദയമിത്തരമരിയ സാന്ത്വനം
സഖിയാകും കടലുരചെയ്കേ
മഹിയുടെ മങ്ങും വദനത്തിലൊരു
മഹിതസൗന്ദര്യം കളിയാടി
അഖിലവും സ്വപ്നസമമായ് വിസ്മരി-
ച്ചവികലാനന്ദഭരിതയായ്
വിരഹതാപത്താൽ ശിഥിലമാക്കിയോ-
രനഘതാരക വളർമാല്യം
അകലത്തൊക്കെയും ചിതറിയതാരു-
മറിയാതെ വാരി മറവാക്കി
ഇരുളാകും കചഭരമൊതുക്കിക്കൊ-
ണ്ടൊരുവിധം പിന്നിൽ തിരുകിയും
ഇളകിയാലോലനയനത്തിൽ വീഴു-
മുളകാളി മന്ദം തടവിയും
ഇളവെയിൽച്ചെമ്പട്ടുടയാടയണി-
ഞ്ഞിളകിപ്പൊൻ തളയൊലി ചിന്നി,
പിരിയാതെയെന്നും പരിചര്യചെയ്യും
ചെറുതെന്നൽത്തോഴിയൊരുമിച്ച്
എതിരേയെത്തുമക്കതിരോനെയവ-
ളെതിരേൽക്കും രംഗം കമനീയം