ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നിർമ്മല
കാനനലക്ഷ്മിതന്നങ്കേയാണെൻ-
കാതരേ, നീ ജനിച്ചതും;
പച്ചിലക്കാടും വാനവും നിന്റെ
കൊച്ചുനേത്രങ്ങൾ വീക്ഷിച്ചാർ;
അച്ചെറുചില്ലതോറും ചാഞ്ചാടു-
മുച്ചലന്മരുത്തെന്നപോൽ
പിച്ചകത്തോപ്പിൽ കൊച്ചടികളാൽ
പിച്ചവെച്ചു കളിച്ചു നീ;
വന്യലക്ഷ്മിതൻ കാന്തിയന്നേറ്റം
നിന്നലേവനും കാണായി;
ഉല്പതിച്ചു നിൻ വാർകുഴൽക്കുള്ളി-
ലപ്പുരത്തിലെസ്സായാഹ്നം;
വിണ്ടലച്ഛായ കണ്ടിടുന്നതാം
രണ്ടരുവികൾ നിൻ കൺകൾ!
അന്യപാദങ്ങളേശിടാത്തൊരാ
വന്യഭൂവിൻ വിശുദ്ധത
നിന്നുടെ ചിത്തശുദ്ധിയോളമേ
വന്നിടുകില്ല നിർണ്ണയം!
ഇങ്ങു ഞാൻ നിന്നിൽക്കാണ്മൂ തെന്നലിൽ
തിങ്ങിടും ദിവ്യശാന്തത!