ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കാലം
വത്സരങ്ങളാം വൻതിരമാലകൾ
മത്സരിച്ചാർത്തു മുന്നോട്ടു പായുന്ന
സങ്കടജലസമ്പൂർണ്ണമായുള്ള
വൻകടലാകും കാലം ഭയങ്കരം!
ആളുകൾ തന്റെ കണ്ണീരിനാലതിൽ
നാളുകൾതോറുമുപ്പു കലർന്നുപോയ്!
കൂലമറ്റൊരീയംബുധിതന്നുടെ
വേലിയേറ്റം തുടങ്ങുന്ന വേളയിൽ
മർത്ത്യതതന്റെയോരോ പരിധിയി-
ലെത്തിമെല്ലെത്തഴുകിഗ്ഗമിക്കുന്നു!
കുക്ഷിപൂരിതം ഭക്ഷിച്ചുവെന്നാലു-
മക്ഷമനായലറുമീയംബുധി!
തട്ടിനിത്യം തകർക്കുന്ന വസ്തുവിൻ-
ശിഷ്ടമൊക്കെയും തീരത്തിലർപ്പിപ്പൂ!
ശാന്തമാണെങ്കിലേറ്റമപകടം,
ശാന്തമല്ലെങ്കിലേറ്റം ഭയങ്കരം!
അത്യഗാധമാമംബുധി, നിന്നിലേ-
യ്ക്കെത്തിനോക്കാൻ കൊതിക്കുന്നതാരുതാൻ?