താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മുഖവുര[1]

'ടപ്പള്ളി രാഘവൻപിള്ള' എന്ന ഉത്തിഷ്ഠമാനനും ഉത്സാഹശീലനുമായ ഒരു യുവകവിയുടെ പേർ സഹൃദയന്മാർക്ക് ഇപ്പോൾ ധാരാളം പരിചിതമായിരിക്കും. കഴിഞ്ഞ ഏതാനും കൊല്ലങ്ങളിൽ ഈ രാഘവൻപിള്ളയും, ഇടപ്പള്ളിതന്നെ സ്വദേശമായ മറ്റൊരു യുവകവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും അവരുടെ ലഘുകവിതകൾകൊണ്ട് യഥാശക്തി പ്രസാധനം ചെയ്യാത്ത പത്രങ്ങളോ മാസികാപുസ്തകങ്ങളോ കേരളത്തിൽ എവിടെയെങ്കിലും ഉണ്ടോ എന്നു സംശയമാണ്. ഒരേ ഞെട്ടിൽ വികസിക്കുവാൻ തുടങ്ങുന്ന രണ്ടു വാസനാസമ്പന്നങ്ങളായ കോമളകുസുമങ്ങളായാണ് ഇവർ ആദ്യമായി എന്റെ ദൃഷ്ടിക്കു വിഷയീഭവിച്ചത്. രണ്ടുപേരുടേയും പ്രതിഭയ്ക്കും അഭ്യാസത്തിനും ഉള്ള അസാമാന്യമായ സാദൃശ്യം എന്നെ ആശ്ചര്യപരതന്ത്രനാക്കി. പ്രായത്തിൽക്കവിഞ്ഞ പരിപാകം അവരുടെ കൃതികളിൽ പ്രായേണ സുലഭമായിരുന്നു. ശബ്ദത്തിനുള്ള മാധുര്യവും അർത്ഥത്തിനുള്ള ചമൽക്കാരവും അവയിൽ അക്ലിഷ്ടരീതിയിൽ പരിലസിച്ചിരുന്നു; ചുരുക്കത്തിൽ അവർ രണ്ടുപേരും എന്റെ പ്രത്യേക വാത്സല്യത്തിനു പാത്രീഭവിച്ചു എന്നു പറഞ്ഞാൽ കഴിഞ്ഞുവല്ലോ.

ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ ചില കൃതികൾ ഇതിനുമുമ്പ് പുസ്തകാകൃതിയിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. രാഘവൻപിള്ള തന്റെ ലഘുകൃതികൾ സമാഹരിച്ച് ആദ്യമായി പ്രകാശം ചെയ്യുന്ന പുസ്തകമാണ് ഞാൻ ഇപ്പോൾ അവതരിപ്പിക്കുന്നത്.

ഈ പുസ്തകത്തിൽ അടങ്ങിയിട്ടുള്ള എല്ലാ കൃതികളും ഭാവുകന്മാരുടെ ശ്രദ്ധയെ ആവർജ്ജനം ചെയ്യുവാൻ പര്യാപ്തങ്ങളാണ്. അവരുടെ ആദരവിനെ ആർജ്ജിക്കുവാനും അനർഹങ്ങളല്ല.

  1. തുഷാരത്തിന്നെഴുതിയത്