താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സുന്ദരകാവ്യാന്തരീക്ഷത്തിലെപ്പൊഴും!
കല്പാന്തകാലംവരേക്കും ലസിച്ചിടും
ദുഃഖമഗ്നം നിൻ മധുരഗാനാമൃതം
കോരിക്കുടിച്ചു ജഗത്തതു നിത്യ‌ വും
കോൾമയിർക്കൊണ്ടു നിൻ നാമം സ്മരിച്ചിടും
ഹാ! മരിച്ചാലു,മനശ്വരനായ്ഗ്ഗാന-
സീമയിൽ നില്പോരു ഗന്ധർവനാണു നീ!
നിന്നന്ത്യവിശ്രമസ്ഥാനത്തു നമ്മുടെ
നിർമ്മലസൗഹൃദസ്മാരകലക്ഷ്യമായ്,
അക്കല്ലറമേൽ ജകത്തിനു കാണുവാ-
നിത്രയും കുടിക്കുറിച്ചുകൊള്ളട്ടെ ഞാൻ:

"സ്നേഹദാഹത്താൽപ്പൊരിഞ്ഞുപൊരിഞ്ഞൊരു
മോഹനചിത്തമടിഞ്ഞതാണിസ്ഥലം
ഇങ്ങിതിന്നുള്ളിൽകിടക്കുന്നതുണ്ടൊരു
സംഗീതസാന്ദ്രമാം ശോകാപ്തജീവിതം-
മന്ദഹസിക്കാൻ തുടങ്ങുന്നതിൻമുമ്പു
മന്നിൻ ചവിട്ടിൽ ചതഞ്ഞോരു ജീവിതം
വിത്തപ്രതാപവും നിർദ്ദയ നീതിയും
ഞെക്കിഞെരിച്ചു തകർത്തോരു ജീവിതം!

ആദർശശുദ്ധിതൻ നിശ്ശബ്ദഗദ്ഗദം-
ഹാ! തപ്തചിന്തതൻരാഗസംഗീതകം-
എന്നും തുളുമ്പിക്കിടക്കുമിതിന്നുള്ളിൽ
മന്നിൻ മലിനത തേഞ്ഞുമായുംവരെ!
മാനസം കല്ലുകൊണ്ടല്ലാത്തതായുള്ള
മാനവരാരാനുമുണ്ടെന്നിരിക്കുകിൽ
ഇക്കല്ലറതൻ ചവിട്ടുപടിയിലൊ-
രല്പമിരുന്നു കരഞ്ഞേച്ചു പോകണേ!
അസ്സൗഹൃദാശ്രുക്കൾ കണ്ടുകൊണ്ടെങ്കിലു-
മാശ്വസിക്കട്ടെയൊന്നിപ്രേമഗായകൻ..."