താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇട്ടേക്ക്."

അച്ഛന്റെ ഈ വാക്കുകൾ കേട്ട് അവൾ പുറത്തേക്ക് ഒന്ന് എത്തി നോക്കി.

മൂന്നുനാല് അപരിചിതർ.

സുധയുടെ നിഴൽ പിന്നെ അവിടെയെങ്ങും കണ്ടില്ല; അവൾ കിഴക്കേതിലേക്കു പോയി.

ഇന്നും കരഞ്ഞുകഴിഞ്ഞിട്ടില്ലാത്ത മുരളിയുടെ അമ്മയെ സമാധാനിപ്പിക്കുക എന്ന അവളുടെ കർത്തവ്യങ്ങളിൽ ഒന്ന അന്നു കുറേ നേരത്തെ തന്നെ ആചരിച്ചു.

സുധയുടെ വിവാഹാലോചനയ്ക്കുവേണ്ടിയായിരുന്നു അവർ വന്നിരുന്നത്.

ഉന്നതവിദ്യാഭ്യാസം, കുലീനത,സത്സ്വഭാവം, സൗന്ദര്യം മുതലായവയുടെ വിളനിലമായ ഒരു യുവാവ്!

ഒരു യുവതിക്കു കിട്ടേണ്ടതിൽവെച്ച് ഏറ്റവും വലിയ ഭാഗ്യം!

അന്നുരാത്രി പരിചാരിക സുധയോട് ഒരു പരാതി: "ഇന്നെന്താ തങ്കം പുറത്തെങ്ങും കണ്ടില്ലല്ലോ? മേല്കഴുകാനും എന്നെ അന്വേഷിച്ചില്ല. കല്യാണം തീർച്ചയാക്കിയപ്പോൾത്തന്നെ ഇങ്ങിനെയായി; അപ്പോൾ അതങ്ങു കഴിഞ്ഞാലോ?"

"നീ പോടീ" എന്നു മാത്രമായിരുന്നു സുധയുടെ മറുപടി.

കുറ്റാക്കൂരിരുട്ട്; ഭയങ്കരമായ മഴ! ചെവിക്കല്ലിളക്കുന്ന ഇടിമുഴക്കം! കണ്ണു മഞ്ഞളിപ്പിക്കുന്ന മിന്നൽപ്പിണർ!

അതിലും വലിയ ഒരു കോളിളക്കം സുധയുടെ ഹൃദയത്തിൽ.

തെറുത്തുവെച്ചിരുന്ന കിടക്കയിൽത്തന്നെ അവൾ ചാരിക്കിടന്നിരുന്നു. കരഞ്ഞുകരഞ്ഞ് അവൾതെല്ലിട ഒന്നു മയങ്ങിപ്പോയി. അങ്ങനെതന്നെ എന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ട് അവൾ ചാടിയെഴുന്നേറ്റു. അസധാരണമായ ഒരു വിലാസം അപ്പോൾ അവളുടെ വദനകമലത്തിൽ കളിയാടിയിരുന്നു. അതാ അവൾ പതുക്കെ തെക്കോട്ടുള്ള കതകിന്റെ സാക്ഷ നീക്കുന്നു....

ഈ അസമയത്തു കുളക്കടവിൽ ഇരിക്കുന്ന സുധയെ അപ്പോൾ കണ്ണുതുറന്ന ഒരു മിന്നൽമാത്രം കണ്ടിരിക്കാം. അവൾ തന്റെ സാരി അഴിച്ച് ഒരു കുരുക്കുണ്ടാക്കി അവിടെ കിടന്നിരുന്ന ഒരു വലിയ കരിങ്കല്ലിൽ ഇട്ടു മുറുക്കി. സാരിയുടെ മറ്റേ തുമ്പ് അവളുടെ അരയിലും ദൃഢമായി ബന്ധിച്ചു. ഒരു വിധം പ്രയാസപ്പെട്ട് ആ കല്ലുരുട്ടി വെള്ളത്തിലാക്കി. അതാ ഒരു കുതി!......

സർവവും ഭദ്രം!