താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ടെത്തന്നെ ഇരിക്കയാണല്ലോ! ഞങ്ങളുടെ കല്യാണം... എനിക്കതു വിചാരിക്കാൻകൂടി വയ്യ. അതിനെന്താ അല്ലേ ഇത്ര നാണം; മുരളിയെ ഞാൻ ദിവസവും കാണുന്നതല്ലേ? അതെന്താ, സമ്മാനങ്ങളോ? ഇത്ര പെരുത്തുണ്ടോ! ഇതെല്ലാം ആ അകത്തു കൊണ്ടുപോയിട്ടു കൊടുത്താൽ പോരേ! അമ്പോ! ഒരു വലിയ പെട്ടി. അതും അവളുടെ കൈയിൽ! മുരളി ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്കും ഇതിലധികം സമ്മാനങ്ങൾ കിട്ടാതിരിക്കയില്ല. ബി.എ. ജയിക്കുമ്പോഴേക്കും എത്ര സ്നേഹിതന്മാരാണ് മുരളിക്കുണ്ടാകുക!

ഒരു മംഗളപത്ര പാരായണത്തിന്റെ അവസാനത്തിൽ ഉണ്ടായ ഹസ്ത താഡനകോലാഹലത്തോടുകൂടി സുധയുടെ ആ വിചാരധാര മുറിഞ്ഞുപോയി.

ആ രാത്രിമുതൽ സുധയുടെ ചിന്താസരണി ഒന്നു വ്യത്യസ്തമായിരുന്നു. 'വിവാഹം' എന്നൊരു ശബ്ദനാളം സദാപി അവളുടെ കർണപുടത്തിൽ വന്നലച്ചുകൊണ്ടിരുന്നു. അവൾക്കെന്തോ ഒരു വല്ലാത്ത മറവി. ഏതോ ഒരദൃശ്യശക്തി നാലുപുറത്തുനിന്നും വന്ന് അവളെ മർദ്ദിക്കുന്നതുപോലെ തോന്നി. എന്തോ ഒന്ന് അകത്തു ചിറകിട്ടടിക്കുന്നതുപോലെ അവൾക്ക് അനുഭവപ്പെട്ടു. എത്ര വെള്ളം കുടിച്ചാലും തീരാത്ത ഒരു ദാഹം അവൾക്ക്! കൈകൾ കുടഞ്ഞ് എത്ര വീശിയാലും ശമിക്കാത്ത ഒരു പുകച്ചിൽ, ദേഹമാസകലം!

ചിലപ്പോൾ അല്പം ഉറക്കെതന്നെ സുധ പറഞ്ഞുപോകും: "ആ രവീന്ദ്രനെപ്പോലെ നടന്നാലെന്താ മുരളിക്ക്? ആ തലമുടി ഒന്നു ഭംഗിയാക്കി ചീകിവെക്കാൻ പാടില്ലേ? ഇടങ്ങടുത്തുവരൂ; ഞാന്തന്നെ ശരിയാക്കാം.

ഈ മീശയ്ക്ക് ഇത്ര നീളമെന്തിനാ? അത്രയും വേണ്ടാ. ഈ ഷർട്ടിന് ഇത്രയും ഇറക്കം വേണ്ടാ. ഒന്നു മനുഷ്യരെപ്പോലെ നടന്നു കണ്ടെങ്കിൽ!..."

മന്ദിരാങ്കണത്തിൽ തത്തിത്തത്തി നടക്കുന്ന മാടപ്രാവിനെ കാണുമ്പോൾ അവൾ മന്ത്രിക്കും: "അതിന് ഒരു ഇണയുണ്ട്."

മന്ദമാരുതാശേഷത്താൽ തരളിതകളേബരയായി തലയാട്ടുന്ന താമരത്താരിനെക്കാണുമ്പോൾ അവൾ തന്നത്താൻ ചോദിക്കും: 'ഈ കാറ്റില്ലാതിരുന്നാൽ ആ പൂവു തലയാട്ടുമോ?'

തരുണാരുണകിരണകന്ദളികളാൽ മാണിക്യഖണ്ഡമായി മാറിനിൽക്കുന്ന ഹിമകണികയെ കണ്ട് അവൾ പിറുപിറുക്കും: "ഇതിന് ഈ പ്രഭ എവിടുന്നുണ്ടായി?"

തീയതി പിന്നേയും മുന്നോട്ടുതന്ന. ആരൊക്കെ കരഞ്ഞാലും കൊള്ളാം. ആ കണ്ണീർധാര അതിന്റെ പ്രവാഹത്തെ പൂർവാധികം വർദ്ധിപ്പിക്കമാത്രം ചെയ്യും! ആരൊക്കെ ചിരിച്ചാലുംകൊള്ളാം, അത് ആ പ്രവാഹത്തിൽ ചില വെൺനുരത്തരികൾ കലർത്തുകമാത്രം ചെയ്യും!

"സുധേ! അകത്തു കിടക്കുന്ന ആ കസേരകൾകൂടി പൂമുഖത്തേക്ക്