താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്കിൽ ഇപ്പോൾ ചേട്ടനോട് ഒപ്പം ജയിക്കൂല്ലേ?"

"പോടീ പെണ്ണേ! ചത്ത മുരളിയല്ലേ ജയിക്കുന്നത്?"

പിന്നീട് ഒരു മാസത്തേയ്ക്കു ബാലച്ചേട്ടനുവേണ്ടി യാതൊരു ശുപാർശിയും സുധ അച്ഛന്റെ അടുക്കൽ ചെയ്തിട്ടില്ല!

വൈകുന്നേരം സുധ വിളക്കിന്റെ ചിമ്മിനി തുടച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പോൾ കേൾക്കാം, അങ്ങേപ്പുറത്ത് ഒരു ശകാരവർഷം. ബാലൻ പൊടിവലിച്ചതറിഞ്ഞിട്ട് അച്ഛൻ ദേഷ്യപ്പെടുകയായിരുന്നു അത്. സുധയുടെ ഹൃദയം ഒന്നു തുടിച്ചു. 'കഷ്ടം!' അവൾ നിനച്ചു:

'മുരളി ഉണ്ടായിരുന്നെങ്കിൽ ഇതൂപോലെ കൂട്ടുകൂടി പൊടിയും മറ്റും വലിക്കുമോ, ആവോ? പക്ഷേ, എന്നെങ്കിലും ഞാൻ ആ പൊടിക്കുപ്പി ഒന്നു കാണുവാൻ ഇടയായാൽ കഴിഞ്ഞു, ഇങ്ങോട്ട് തട്ടിപ്പറിച്ച് ഒറ്റേറ്!' ഇതോടുകൂടി 'കിലും' എന്നൊരു ശബ്ദവും കേട്ടു. അവളുടെ കൈയിൽ ഇരുന്ന ആ ശരറാന്തലിന്റെ ചിമ്മിനി തവിടുപൊടി തരിപ്പണം!...

സുധയുടെ ആകൃതിക്കും പ്രകൃതിക്കും വ്യത്യാസം വന്നിരുന്നതിനോടൊപ്പംതന്നെ അവളുടെ മനോരാജ്യത്തിൽ ഏകഛത്രാധിപത്യം വഹിച്ചിരുന്ന മുരളിയുടെ ഭാവപ്രകൃതികൾക്കും അനുദിനം വ്യത്യാസം ഭവിച്ചു കൊണ്ടിരുന്നു.

'അപ്പോൾ', സുധ വിചാരിക്കുകയാണ്, 'ഇപ്പോൾ മുരളിയുണ്ടെങ്കിൽ തീർച്ചയായും കോളേജിൽ നടന്നുപോകുകയില്ല. എറണാകുളത്തുതന്നെ താമസമാക്കുമായിരിക്കും. അങ്ങനെയാണെങ്കിൽ ഞാനെങ്ങനെ കാണും? ശനിയും ഞായറും ഉണ്ടല്ലോ, അല്ലേ? ഏയ്! അതു പോരാ, ഞാൻ പറയും, ഒരു സൈക്കിൾ വാങ്ങാൻ. മുരളി തനിഖദറിൽ കോളേജിലേക്കു പോകുവാൻ സൈക്കിളിൽ കയറുമ്പോൾ ഒന്നു ബെല്ലടിക്കും. ചിലപ്പോൾ ഞാൻ നിൽക്കുന്നതു കാണാതെ ഒരു പറക്കൽ...'

'മരതകക്കുന്നി'ലെ മാധുരിയുടെ വിവാഹത്തിനു സുധയും പോയിരുന്നു.

തിരക്കിന്റെ ഇടയിൽ തലമാത്രം പുറത്തേക്കു കാണിച്ച് കല്യാണമണ്ഡപത്തിലേക്കു നോക്കിനിൽക്കുന്ന അവൾ തന്നത്താൻ വിചാരിച്ചു:

'വിവാഹം! അതിങ്ങനെയാണോ? ദൂരെനിന്നും ആരെങ്കിലുമായിരിക്കും കല്യാണം കഴിക്കുന്നതെന്നല്ലേ ഞാൻ കരുതിയിരുന്നത്? ഇത് ഒരു രവീന്ദ്രനല്ലേ? മാധുരി എപ്പോഴും സ്തുതിക്കാറുള്ള ആൾ. അവൾ ഒരുമിച്ചു പഠിച്ചിരുന്ന ആൾ. കഷ്ടം! എന്റെ മുരളി ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്കും ഉണ്ടായേനേ ഒരു കല്യാണം. ദേ, അതു കണ്ട്? ഈശ്വരാ! മാധുരിക്കു നാണമില്ല, കേട്ടോ. എത്ര ആളുകളാ, നിരന്നിരിക്കുന്നത്! അവരുടെയൊക്കെ മുൻപിൽവെച്ച് എത്ര ധൈര്യം, അവൾക്കു രവീന്ദ്രന്റെ കഴുത്തിൽ മാലയിടുവാൻ! എനിക്കാണെങ്കിൽ സാധിക്കുകയില്ല. അല്ല! പിന്നെയും അവൾ അവി