താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാധുവിന്റെ ഉദരം പെട്ടിപോലെ വീർത്തു കഴിഞ്ഞു! എന്നാൽ മുരളിയുടെ വികൃതിത്തരങ്ങളുമായി ചിരപരിചയമുള്ള സുധ അതെല്ലാം വെറും ഗോഷ്ടികൾ മാത്രമായിട്ടാണ് വ്യാഖ്യാനിച്ചത്.

``എനിക്ക് വിശക്കുന്നു; മുരളി കാപ്പി കുടിച്ചതാണ്; വേഗം കയറിവരൂ." എന്നു പറഞ്ഞുകൊണ്ടു സുധ വീട്ടിലേയ്ക്കോടി!...

സന്ധ്യയ്ക്കു സുധയുടെ മാതാവു മേൽ കഴുകുവാൻ വന്നപ്പോൾ കുളത്തിൽ എന്തോ പൊന്തിക്കിടക്കുന്നു. അവർ പിറുപിറുത്തു: "ഞാൻ തോറ്റു ഈ വികൃതിപ്പിള്ളേരെക്കൊണ്ട്! ഒരു തടിയേ ബാക്കി ഉണ്ടായിരുന്നുള്ളൂ. അതും ഉന്തിത്തള്ളി വെള്ളത്തിലാക്കി; ഇത് ഇവിടെത്തന്നെ കിടന്നാൽ നാളെ ഇതിന്മേലായിരിക്കും വള്ളംകളി!"

തടി ഉന്തി കരയ്ക്കടുപ്പിക്കാൻ കൈ നീട്ടിയ ആ സ്ത്രീ ഒരു ഞെട്ടൽ! "അയ്യോ!" എന്ന് ഒരലർച്ച!

വീട്ടിൽ നിന്നും ആളുകൾ വിളക്കുകൊണ്ടുവന്നു നോക്കിയപ്പോൾ കണ്ട കാഴ്ച!

'മലവാഴത്തടി'പോലെ മലർന്നടിച്ചുകിടക്കുന്ന മുരളിയുടെ തളിരിളം മേനി!...

പിന്നത്തെ കഥ! ആ രണ്ടു വീട്ടുകാരുടേയും സ്ഥിതി!....

അശുഭസൂചകവും ഭയങ്കരവുമായ ഒരു നിശ്ശബ്ദത അവിടെയെങ്ങും വ്യാപിച്ചിരുന്നു; അതിനെ ഭഞ്ജിച്ചു മുഴങ്ങിക്കൊണ്ടിരുന്ന സുധയുടെ തേങ്ങിത്തേങ്ങിക്കരച്ചിൽ എപ്പോൾ നിലച്ചാവോ!


II

"സുധേ! നിന്നോടു പറഞ്ഞില്ലേ, തെക്കേ കുളക്കരയിൽ പോകരുതെന്ന്?" എന്ന ഒരു ശാസന ആ ഗൃഹത്തിൽ പല തവണയും മുഴങ്ങികേൾക്കാം.

  എപ്പോഴും കിഴക്കേ കുളത്തിങ്കലാണ് സുധ. അവൾക്ക് ഒരു നിയമമുണ്ട്. കുറേ കരയണം. അതിനുള്ള സ്ഥലമാണ് കുളക്കടവ്. അവിടെ അവൾക്ക് ഒരു മുരളീഗാനം കേൾക്കാം:

"അതു പറ്റൂല്ലാ സുധേ!... കുറച്ചുകൂടി വേഗം എണ്ണണം!"

ആവർത്തനം! അതാണല്ലോ പ്രകൃതിയുടെ ജോലി! ആ ഓണക്കാലം വീണ്ടും എത്തി.

പൊൻപൊടി പൂശിയ പൂഞ്ചിറകുകൾ വിരിച്ചു പറക്കുന്ന പൂമ്പാറ്റകളെ കാണുമ്പോൾ സുധയ്ക്ക് തോന്നും; "ഇതെന്തു പക്ഷി! ഒരു ഭംഗിയില്ല കെട്ടോ."

അയൽപക്കത്തെ കുട്ടികളെല്ലാം പൂ ശേഖരിക്കുന്ന ബഹളം. അവർ