താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുരളിയുടെ അഭിപ്രായത്തിൽ ചിലപ്പോൾ 'പൊട്ട'യും ആകാറുണ്ട്.


വൈകുന്നേരം പള്ളിക്കൂടംവിട്ടു വന്നാൽ മുരളി കാപ്പി കുടിച്ചു, കുടിച്ചില്ല എന്നു വരുത്തും. പിന്നെ കാണുന്നതു സുധയുടെ വീട്ടിൽ! എന്നാൽ സുധയെ കുളിക്കാതെ മുത്തശ്ശി അകത്തു കടത്തുകയില്ല. അവൾ കുളിക്കാൻ പോകുമ്പോൾ മുരളിയും കൂടും കൂട്ടിന്. അവിടെ കുളത്തിലേക്ക് ചാഞ്ഞു നിലമ്പറ്റി ഒരു തെങ്ങു കിടപ്പുണ്ട്. മുരളി അതിന്മേൽ കയറി 'കുതിരകളി'ക്കും; സുധ ആ സമയം കൊണ്ട് ഒരു 'കാക്കമുങ്ങലും' കഴിക്കും.


സാധാരണ കുട്ടികളിൽ കണ്ടുവരുന്ന 'തമ്മിൽത്തല്ലും തലകീറും' ഈ ചങ്ങാതികൾക്കില്ല. മുരളിക്ക് അല്പം വികൃതിത്തരങ്ങൾ ഉണ്ട്. സുധയ്ക്കു ചില നേരംപോക്കുകളും. ആണ്ടിലൊരിക്കൽ അവർ തമ്മിൽ ഒന്നു പിണങ്ങും. അത് അവരുടെ പിറന്നാളിനാണ്. രണ്ടും ഒരു ദിവസമാണല്ലോ. സുധയുടെ വീട്ടിൽ മുരളി ഉണ്ണാൻ ചെല്ലണമെന്ന് അവൾ. 'എന്റെ വീട്ടിലേക്കു വരണം സുധ'യെന്നു മുരളി. രണ്ടും നടപ്പുമില്ല. വീട്ടുകാർ സമ്മതിക്കുമോ പിറന്നാളായിട്ടു മറ്റൊരു വീട്ടിൽ പോയി ഉണ്ണുവാൻ? ഭക്ഷണം കഴിഞ്ഞാൽ അന്ന് അന്യോന്യം കാണാതെ ആ ബാലികാബാലകന്മാർ പിണങ്ങി അവരവരുടെ വീടുകളിൽത്തന്നെ കഴിച്ചുകൂട്ടും. എന്നാൽ അവരുടെ ആ പരിഭവത്തെ പാടേ വിപാടനം ചെയ്യുവാനുള്ള കെല്പ് ഒരു രാത്രിയിലെ ഉറക്കത്തിനുണ്ടായിരുന്നു.


പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണക്കാലം. സുധ പറയും: "മുരളീ, ഒന്നു വേഗം എണീക്കൂ; ആ അസത്തുകുട്ടികൾ പൂവെല്ലാം ഇപ്പോൾ പറിച്ചെടുത്തുകാണും!"


ഒന്നു മൂരിനിവർത്തി എണീറ്റു കണ്ണുതിരുമ്മിക്കൊണ്ടു മുരളി പ്രതിവചിക്കും: "മിണ്ടാതിരിക്കൂ സുധേ! നമ്മൾ ഇന്നലെ വിടരാൻ കണ്ടുനിറുത്തിയിരിക്കുന്ന ആ കദളിപ്പൂവും ചിറ്റാടപ്പൂവും അവരാരും കാണില്ല. ആ തോട്ടിൽ ഇറങ്ങുവാൻ ഒരെണ്ണത്തിനുണ്ടോ ധൈര്യം?"


പൂക്കൾ ശേഖരിക്കുന്നതിൽ സാമർത്ഥ്യം സുധയ്ക്കാണ്. മരച്ചില്ലകളിൽ വല്ല അണ്ണാനെയോ, കുരുവിക്കൂടോ കണ്ടാൽ അതും നോക്കി നിൽക്കും മുരളി. ഇടയ്ക്കു സുധ മന്ത്രിക്കും: "ഇതിൽ നിന്നും കിട്ടുമെന്നു വിചാരിക്കേണ്ടാ."


പവിഴക്കുലകളാൽ അലതല്ലുന്ന നെല്ലിൻപാടം. അവിടെ മഴവില്ലിന്റെ ആകൃതിയിൽ കൂട്ടംകൂട്ടമായി എത്തി നെന്മണികൾ കൊത്തിപ്പറക്കുന്ന ആറ്റക്കിളികളെനോക്കി സുധ തെല്ലിട നിന്നുപോകും. മുരളി മന്ദമന്ദം അവളുടെ മഞ്ജുഷയിൽനിന്നും ഒരു വാര് അവന്റെ സ്വന്തമാക്കും. ഒരു വിജയലബ്ധിയിൽ എന്നപോലെ ആ നിഷ്കളങ്കഹൃദയൻ ഒന്നു പൊട്ടിച്ചിരിക്കുമ്പോളാണ് സുധ കാര്യം മനസ്സിലാക്കുന്നത്. 'ആട്ടെ' എന്ന ആ ഒരൊറ്റ