താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൈവന്ന തോഷാൽ പുളച്ചു - നിത്യം
തൈവല്ലിയാടിക്കളിച്ച.
ഉഷ്ണത്തിൻ കാഠിന്യംകൊണ്ടു - പാരം
തൃഷ്ണാർത്തയായി വരണ്ടു!
ചൈത്രമാ വല്ലിയെപ്പുല്കി - യൊരു
മുത്തൊളിക്കോരകം നല്കി,
അമ്മലർമൊട്ടു വിരിഞ്ഞു - പെട്ടെ-
ന്നെൻ മനോഭാസ്വാൻ മറഞ്ഞു!
അന്ധതയെങ്ങും പരന്നു - മമ
ചിന്തകളെല്ലാം തകർന്നു!
മൃണ്മയമെന്നുടെ ഗാത്രം - കാത്തി-
തമ്മലരൊന്നിനുമാത്രം!
വാരൊളിചിന്നുമസ്സൂനം - എന്നും
വാടില്ലെന്നോർത്തതു ശൂന്യം!...
തങ്കമേ! നിന്റെ ചരിത്രം - പാപ-
പങ്കിലമല്ലോ പവിത്രം!
മൃത്യവിൻ പാഴ്നിഴലൊട്ടും - നിന്നി-
ലെത്തിയിട്ടില്ലൊരു മട്ടും;
പൊന്നുഷസ്സിങ്കൽ മറയും - ഒരു
സുന്ദരതാരകം നീയും!
കണ്ടകാകീർണമാം മാർഗം-എന്യേ
കണ്ടതു നീ ദിവ്യസ്വർഗം!...

കാണുന്നു നിന്നെ ഞാൻ മുന്നിൽ - പെറ്റു
വീണൊരക്കാഴ്ചയെൻ മുന്നിൽ.
ആയതന്നങ്കത്തിൽ വാണു - പിഞ്ചു-
വായും പിളർന്നു നീ കേണു.
കേഴുന്ന നിന്നെ നിനച്ചു - തോഷാൽ
ചൂഴവും നില്പോർ ചിരിച്ചു.
ഇന്നു നീ മന്ദഹസിപ്പൂ - ലോകം
നിന്നിതാ ബാഷ്പം പൊഴിപ്പൂ!....