താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


പ്രേമപ്രകാശമേ, താവകനാമമാ-
മാ മധുരാസവം ഞാൻ നുകർന്നീടവേ,
പെട്ടെന്നതിനതികയ്പുകലർത്തുന്ന
മറ്റൊരു നാമമനുദിനം കേൾക്കയാൽ
അച്ഛിന്നസൗഖ്യപ്രദായകമെന്നുടെ-
യച്ഛന്റെ മന്ദിരമന്ധകാരാവൃതം!
മങ്ങാതെയെന്നുമെൻകാതിനൊരാനന്ദ-
സംഗീതമേകുന്ന സൗന്ദര്യധാമമേ!
പോരിക,പോരിക,മുന്നോട്ടു,ജീവിത-
പ്പോരിൽ നമുക്കൊരുമിച്ചു മരിച്ചിടാം!
നിർദ്ധനത്വത്തിന്റെ നിർദ്ദയത്തൊട്ടിലിൽ
നിത്യവിഹാരിയായീടുന്ന നാഥനെ
ഞാനെന്റെ പൂമച്ചിലേക്കിതാ വീഥിയിൽ
സൂനതതിവിരിച്ചെന്നും ക്ഷണിക്കയാം!
ദുർവാരമല്ലേതു വിഘ്നം, പോരിക
നിർവാണദായക, നർവിശങ്കം ഭവാൻ!
സൗവർണമായിടും ത്വൽച്ചിത്തമാണെനി-
ക്കാ വിണ്ണിനെക്കാളുമേറ്റം പ്രിയകരം!
ത്വൽപ്പാദപങ്കജം ചേരുവാനല്ലാതെ
മൽപ്രാണഭൃംഗത്തിനാശയില്ലല്പവും!.....