ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ക്ഷണം
കൂരിരുൾക്കുണ്ടിലിരുന്നുകൊണ്ടെൻ ബാഷ്പ-
ധാര തുടയ്ക്കുന്ന കാരുണ്യവാരിധേ!
പോരിക, പോരിക മുന്നോട്ടു ജീവിത-
പ്പോരിൽ നമുക്കൊരുമിച്ചു പൊരുതിടാം!
സീമാവിഹീനം കരഞ്ഞുകഴിയുന്നൊ-
രോമനയ്ക്കൊന്നു ചിരിക്കേണ്ടയോ വിഭോ?
കണ്ണീർകണങ്ങൾ പുരണ്ടതാം കാലമാം
കണ്ണാടിയിൽക്കൂടി നോക്കുന്ന വേളയിൽ
കാണുന്നതൊക്കെയും കാളമേഘാവൃതം,
കാണേണ്ടതൊക്കെയും കാഞ്ചനസന്നിഭം!
നിശ്ചയമില്ലാ വജയമെന്നാകിലും
നിസ്തുലം ജീവിതം ശൂന്യമായ്തീർക്കൊലാ-
എന്തു നാം നേടിയെന്നല്ല ചിന്തിക്കേണ്ട-
തെങ്ങനെയാണു പൊരുതിയെന്നുള്ളതാം.
ഓമന സ്വപ്നങ്ങൾ കാടേടിയെന്നാത്മനി
രോമാഞ്ചമേറ്റുമൊരാനന്ദകന്ദമേ!
പോരിക, പോരിക, മുന്നോട്ടു, ജീവിത-
പ്പോരിലെനിക്കൊരു നേർവഴി കാട്ടുക!
താവക വിഗ്രഹം കാണുവാനാശിച്ചു
താരൊളിവാസരമോരോന്നുമെത്തവെ,
നൈരാശ്യമാർന്നവ നിത്യവും, ജീവിത-
വൈരാഗ്യമെന്നെപ്പഠിപ്പിച്ചുപോകയാം!