താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


സമർപ്പണം

സത്യസൗന്ദര്യത്തിൻ സങ്കേതസ്സത്മകം
നിസ്തുലസ്നേഹത്തിൻ നൃത്തരംഗം,

ശാരദാകാശത്തിൻ ശാന്തിതൻ ശാശ്വത-
പൂരം പുരട്ടുമെൻപുണ്യപുഞ്ജം,

ആനന്ദമന്ദിരമാകുമത്താരകം,
ഞാനെന്നിൻ കാണുമെൻഭാഗ്യദീപം,

എന്നുമൊഴുക്കീടും നിശ്ശബ്ദഗാനത്തിൻ
പൊന്നല വന്നെന്നെപ്പുല്കീടുമ്പോൾ,

അന്തരാത്മാവിലുറങ്ങുമെൻവീണതൻ
തന്ത്രികൾ മന്ദമിളകീടുമ്പോൾ-

നീലാംബരത്തിങ്കലേക്കു നിഗൂഢമായ്
നീളുമെന്നേകാന്തഗാനമെല്ലാം

അക്ഷയമാകുമാ നക്ഷത്രത്തിന്നായി-
ട്ടർപ്പിച്ചിടുന്നു ഞാനാത്തമോദം.

-ഇടപ്പളി രാഘവൻപിള്ള

തിരുവനന്തപുരം

24-10-1110