താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 92 —


തീവണ്ടി മന്ദതയോടെ ഒരു ചതുപ്പു നിലത്തിലൂടെ നീങ്ങുകയാണ്. പെട്ടെന്നൊരാൾ വണ്ടിയിലേക്കു ചാടിക്കയറി. ഞാൻ കണ്ണു പകുതി അടച്ചു കിടന്നു. ചാടിയതിനിടയിൽ അയാളുടെ മടിയിൽ നിന്നു ഒരു മൂർച്ചയേറിയ കഠാരി തെറിച്ചു വണ്ടിക്കകത്തുവീണു. ഞാൻ ചൂളിപ്പോയി. മിന്നിതിളങ്ങുന്ന കഠാരി!

ഞാൻ ഉറക്കമഭിനയിച്ചു കിടന്നു. അയാൾ ചുറ്റുമൊന്നുനോക്കി. മൂലയിൽ സുഖനിദ്രയിലാണ്ടുകിടന്ന വൃദ്ധനെ കണ്ടപ്പോൾ അയാളൊന്നു ഇരുത്തിച്ചിരിച്ചു. ഒരു പിശാചിന്റെ ഗൎജ്ജനം പോലെയാണെനിക്കു തോന്നിയതു്. ഭീകരപരാക്രമികളായ തസ്കരന്മാരെക്കുറിച്ചു ഞാൻ വായിച്ചിട്ടുണ്ട്. പട്ടാപ്പകൽ കൊള്ള നടത്തുന്ന കൊള്ളക്കാരെക്കുറിച്ചു കേട്ടിട്ടുണ്ട്. തെല്ലും അലംഭാവമില്ലാതെ പൊട്ടിച്ചിരിച്ചുകൊണ്ടു് ഭദ്രകാളിയെപ്പോലെ മനുഷ്യരക്തത്തെ പുഴവെള്ളം കണക്ക് കയ്യിൽ കോരി മേലോട്ടെറിഞ്ഞുല്ലസിക്കുന്ന നിശാചരരെപ്പറ്റി മുത്തശ്ശി പറഞ്ഞു ഞാൻ മനസ്സിലാക്കിയിട്ടുണ്ടു്. ഒരായിരം തീനാമ്പുകൾ എനിക്കെതിരെ പാഞ്ഞുവരുന്നതുപോലെതോന്നി....

അയാൾ എന്നെ ഗൗനിച്ചില്ല. ഞാനൊരു പാവപ്പെട്ടവനാണെന്നാൎക്കും ഒരു നോട്ടത്തിൽ തോന്നും.

ആ ദുഷ്ടൻ സാവധാനം സുഖനിദ്രയിലമർന്നിരിക്കുന്ന വൃദ്ധനെ സമീപിച്ച് അയാൾ സൎവ്വസ്വവുമായി മടിയിൽ അമൎത്തിപ്പിടിച്ചിരുന്ന ബാഗും പിടിച്ചു പറിക്കുവാൻ ശ്രമിച്ചു. വൃദ്ധൻ ചാടി എഴുന്നേറ്റു. ആ കൊള്ളക്കാരൻ വൃദ്ധനെ കഠാരി കാണിച്ചുകൊണ്ടു ഗർജ്ജിച്ചു. “ജീവനിൽ കൊതിയുണ്ടെങ്കിൽ ബാഗും തരൂ.” ഇല്ലെങ്കിൽ ഞാൻ തുലച്ചുകളയും തന്നെ ഉം?”