ങ്ങളിലൂടെ ഉയൎത്തിയ മട്ടുപ്പാവിനെ പുകച്ചുരുളുകളാക്കിക്കൊണ്ടു ആ രാത്രി കടന്നുപോയി.
നിറഞ്ഞ നയനങ്ങളുമായി ആളുകൾ വന്നുംപോയുമിരിക്കുന്നു. ആൎക്കും ആരോടും ഒന്നും പറയുവാനുമില്ല. ഒരു കുടുംബം പൂൎണ്ണമായും പിളർന്നു പോയിരിക്കുന്നു. ഈ മാടത്തിന്റെ അവസാനത്തെ മണിദീപവും എരിഞ്ഞടങ്ങിയിരിക്കുന്നു.....
അങ്ങിനെ അച്ഛനും, അമ്മയും സഹോദരനും, പിതാമഹന്മാരെല്ലാവരും അന്തിമവിശ്രമം കൊള്ളുന്ന പട്ടടയിൽ അവളുമെത്തി. ചെറിയ ഒരു വനമാണിതു്; ഒട്ടനവധി കുഴിമാടങ്ങൾ അവിടവിടെയായി കാണാം.
നൂററാണ്ടുകളായി അടിമത്വത്തിൽ ആണ്ടിരുന്ന ഒരു വർഗ്ഗത്തിന്റെ ശ്മശാനമാണതു്. പട്ടികളും പറവകളും സ്വഛന്ദം സല്ലപിക്കുന്ന അതൃത്തിയും ആകൃതിയുമില്ലാത്ത ഒരു ശ്മശാനം
ശതാബ്ദങ്ങളായി ആയിരമായിരം കറുത്ത മനുഷ്യരുടെ എലമ്പുകളും തലയോടുകളും മാത്രമവശേഷിച്ചും ബാക്കിയത്രയും രൂപാന്തരം പ്രാപിച്ച ആ പശയുള്ള മൺതരികൾ— അതെ, ആ മൺതരികളോരോന്നും മനുഷ്യശരീരങ്ങളുടെ മിച്ച നിക്ഷേപമാണ്. അവയുടെ മദ്ധ്യത്തിൽ ഒരു ജടവും കൂടി അടക്കപ്പെട്ടു. ആ ശ്മശാനമൂകതയെ ഭേദിച്ചുകൊണ്ടു ഒരാത്മാവുകൂടി പൊട്ടിക്കരയുവാൻ തുടങ്ങി, ഒരു സ്പന്ദിക്കുന്ന അസ്ഥിമാടം കൂടി അവിടെ സ്ഥലംപിടിച്ചു.
അടുത്തുനിന്ന കാട്ടുചെടികളുടെ പൂക്കളെല്ലാം അറുത്തെ ടുത്ത് ഞാൻ തേവിയുടെ കുഴിമാടത്തിൽ അർച്ചന ചെയ്തു, എന്റെ അന്തിമോപഹാരമായിട്ടു്.
മൂകതയെ ഭേദിച്ച് ഒരായിരം ശോകഗാനങ്ങൾ അവിടുത്തെ വായുവിൽ പറന്നുനടക്കുന്ന പോലെ എനിക്കു തോന്നി. ഒരു കാളരാത്രിപോലെ ആ രാത്രി കടന്നുപോയി.