താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 85 —


രാത്രി ഒരു മണിയായിട്ടുണ്ടു്.

എല്ലാവരും തളൎന്നുറങ്ങുകയാണു്. കണ്ണിലെണ്ണയൊഴിച്ചെന്നപോലെ ഞാനിരുന്നു....

ഒരു നല്ല മഴയാരംഭിച്ചു. കൊള്ളിയാൻ ശക്തിയായി പല പ്രാവശ്യം മിന്നി. അങ്ങു കിഴക്കുനിന്നും ചില കൂവലുകൾ കേട്ടു. അങ്ങകലെ പാടത്തുകൂടി കത്തിച്ച ചൂട്ടുമായി ചിലർ നീങ്ങുന്നതു ഞാൻ കണ്ടു....

അവൾ കുറെ നേരം എന്നെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. എന്റെ ധമനികളെല്ലാം തളരുന്നതുപോലെ എനിക്കു തോന്നി. അവളെന്നെ അരികത്തേക്കു വിളിച്ചു....

“ഞാം പോണൂ...” ഒരു തരത്തിൽ തേവി പറഞ്ഞു. എന്റെ തലക്കൊരുന്മത്തത. ഒരക്ഷരം പോലും ഉരിയാടുവാൻ വയ്യെനിക്കു്.

നിമിഷങ്ങൾ മുന്നേറുകയാണു്...

“എനക്കൊരുമ്മ താ” ഇമവെട്ടാതെ എന്നെതന്നെ നോക്കിക്കൊണ്ടവൾ യാചിച്ചു.

എനിക്കു ബോധ്യമായി.

അതെ, അതവളുടെ അവസാനത്തെ ആഗ്രഹമാണു്. ഒരുമ്മ! അവളുടെ ഇതുവരെയുള്ള പ്രതീക്ഷകൾ അയവിറക്കിക്കൊണ്ടുള്ള ജീവിതത്തിലെ ഏകനേട്ടം പോലെ അവൾ യാചിക്കുന്നു.

മരണക്കിടക്കയിൽ കിടന്നുകൊണ്ടു് അവൾ അന്ത്യമായി യാചിക്കുന്നു. ഒരുമ്മ! വിലതീരാത്ത നിധിപോലെ അതവൾക്കത്രകണ്ടു പരിപാവനമാണു്...

ഞാൻ അങ്ങു ചക്രവാളത്തിലേക്കു നോക്കി. അകലെ നിന്നുകൊണ്ടു് ഒരു പൊൻതാരം ‘അരുതേ’ എന്നു വിലക്കുന്നതുപോലെ തോന്നുന്നു.—ലിസാ.