താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 65 —


കൊയ്ത്തു തുടങ്ങി. കൊയ്ത്തുപാട്ടുകൾ അന്തരീക്ഷത്തിൽ മാറ്റൊലികൊണ്ടു. എല്ലാവരും കൈനിറയെകതിരെടുത്തു കറ്റകളാക്കുകയാണു്. തമ്പ്‌രാനും നടത്തുകാരനും വരമ്പിലൂടെ കൊയ്ത്തു നടത്തിച്ചുകൊണ്ടു് നീങ്ങി... അങ്ങകലെ കുറെപ്പേർ ‘കളം’ നിൎമ്മിക്കുകയാണു്. ‘നിലംതല്ലി’യുടെ പെരുമാറ്റത്തിന്റെ ശബ്ദം അവിടെയെങ്ങും കേൾക്കാം.

ആളിക്കത്തുന്ന തീപ്പന്തങ്ങൾപോലെ ഉദയാൎക്കന്റെ ഉഗ്രകിരണങ്ങൾ ദേഹത്തു പതിക്കുന്നുണ്ടെങ്കിലും ആത്മാൎത്ഥതയോടെ പണിയെടുക്കുകയാണു്. ആ പാടത്തെ പച്ചപിടിപ്പിച്ച കൈകൾതന്നെയാണു് ആ കതിരുകൾ അറുത്തെടുക്കുന്നതും.

പക്ഷെ പച്ചച്ചിരിയുമായി മുതലാളി നീങ്ങുന്നതു് അവൎക്കു സഹിച്ചുകൂടാ. ആ മുഖം കാണുമ്പോൾ അവരെല്ലാം മിഴിച്ചുപോകും. ആ കൈകളെല്ലാം തരിക്കുന്നുണ്ടാവും. എങ്കിലും ‘കമാ’ന്നൊരക്ഷരംമിണ്ടാതെ തങ്ങളുടെ പിടിത്താളുകളിലാണു് അവർ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നതു്.

അയാൾ തേവിയുടെ അടുത്തു കുറെനേരം ആ പുഴുങ്ങിയ മുഖവുമായി നോക്കിനിന്നു....

മൂപ്പൻ അക്ഷമനാകാതെ ഞാൻ നോക്കി...

“എവനേതാ?” എന്നെ ചൂണ്ടിക്കൊണ്ടു് കുഞ്ഞനോടു് മുതലാളി ചോദിച്ചു.

“തേവിടെ...” അൎദ്ധോക്തിയിൽ കുഞ്ഞൻ പറഞ്ഞു.—

“ഓ! തേവീടെ കല്യാണവും നടന്നോ?” ഭേഷ്. അവളു ഭാഗ്യവതിയാ” അഴകിയ രാവണന്റെ മാതിരി മുതലാളി നാക്കുവളച്ചു.

9