Jump to content

താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 64 —


തൊഴിലാളിയുടേയും അഭിമാനത്തെ ചോദ്യം ചെയ്ത ഒരു ജുഗുപ്സാവഹമായ സംഭവം, അവൾ എന്നെ ധരിപ്പിച്ചു. അതായത് പുല്ലുതറയിലെ തോമ്മായുടെ മകൾ നീലിയെ വേണു വളരെ നാൾ തന്റെ കളിപ്പാട്ടുമായി ഉപയോഗിച്ചു. ‘തീയോടു കളിച്ചാൽ പൊള്ളും’ എന്നു പറയുന്ന പോലെ പതിനെട്ടുകാരി ഗൎഭിണിയായി. തമ്പുരാൻ അവൾക്കേതോ മരുന്നു കൊടുത്തു. അത് ആസിഡു് ആയിരുന്നെന്നു് പിന്നീടാണ് നാട്ടുകാരറിഞ്ഞതു്. അവൾ മരിച്ചു.

അന്നുമുതൽ ആ വിടകേസരിയായ മുതലാളിയെ പിശാചിനെക്കാൾ ഭയത്തോടുകൂടിയാണ് യൗവ്വനം മുറ്റിനില്ക്കുന്ന പാടത്തിന്റെ സന്തതികൾ കരുതുന്നതു്...

പ്രൊഡ്യൂസർ വേണു! ഞാനാപേരു കേട്ടിട്ടുണ്ടു്. ‘സുന്ദരി’ ‘പാടുന്ന പടവാൾ’ ‘പ്രപഞ്ചം’ ‘ഒരു പാണ്ടികശാല’ തുടങ്ങിയ ഗതികേടിന്റെ കേളിരംഗങ്ങളായ ചിത്രങ്ങൾ നിൎമ്മിച്ച അദ്ദേഹത്തെ അഭിമാനികളായ കലാകാരന്മാൎക്ക് നീരസത്തോടെയേ സ്മരിക്കുവാൻ സാധിക്കൂ എന്നു് ഞാനെന്റെ നാടകജീവിതകാലത്തു സുഹൃത്തുക്കളോടു് പറയാറുണ്ടായിരുന്നു.

ഒരു ഗ്രാമീണോത്സവത്തിന്റെ കാഹളമൂതികൊണ്ടാണു് ഇന്നത്തെ പ്രഭാതം സമാഗതമായതു്. കുലകുലയായി കാറ്റിലാടി നിൽക്കുന്ന ഈ ഗ്രാമത്തിന്റെ സമ്പത്തു കൊയ്തെടുക്കുകയാണ്. ആയിരമായിരം തൊഴിലാളികളുടെ ജീവരക്തത്തിന്റെ പാലാഴിയിൽ വിളഞ്ഞ അമൃത് കടഞ്ഞെടുക്കുവാൻ ഇന്നു മുതൽ ആരംഭിക്കുകയാണ്.

അരിവാളുകളുമായി സ്ത്രീകളും പുരുഷന്മാരുമായ വേലക്കാർ നടുവരമ്പിലൂടെ മുന്നേറുകയാണു്........ അവൎക്കെല്ലാമാനന്ദമാണു്....