Jump to content

താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ഏഴു്


ദിവസങ്ങൾ ചേർന്നു ചിലമാസങ്ങളുണ്ടായി. ഞാൻ തികച്ചും ഒരു കർഷകത്തൊഴിലാളിയാണിന്നു്. എനിക്കു രാവുമുഴുവനും സ്വപ്നം കാണാം. പകലന്തിയോളം പണിയെടുക്കുന്നതിനിടയിൽ ഫലിതം പറഞ്ഞും, പാട്ടുപാടിയും സന്തോഷിക്കാം. കുട്ടനും, കുഞ്ഞനും, മൈലനും, മല്ലനുമെല്ലാം എന്റെ സുഹൃത്തുക്കളാണ്. എന്റെ പാട്ടും ഫലിതവുമെല്ലാം അവരെ ആനന്ദിപ്പിക്കും.

ഒരു ദിവസം കുളക്കടവിൽ അവരെല്ലാം സമ്മേളിച്ചിരിക്കുകയായിരുന്നു. എന്നെക്കുറിച്ചെന്തെങ്കിലുമഭിപ്രായമവർ പാസാക്കുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ മറഞ്ഞുനിന്നു ശ്രദ്ധിച്ചു.

“കോപാലനെ അയ്‌യാക്കെന്തു കാര്യാ” അത്ഭുതത്തോടുകൂടി മൈലൻ പറഞ്ഞു.

“തേവിപ്പെണ്ണ്നെ അവനായിരിക്കും കെട്ടുന്നതു" ബുദ്ധിപൂർവ്വമായ കുഞ്ഞന്റെ നിഗമനമായിരുന്നത്.

“യവന്റെ പാട്ടെന്തൊരു ശേല” കുട്ടനതായിരുന്നു കാര്യം.

“യെന്നൊക്കെ ആണെങ്കിലും ഇമ്മോടെന്തു കാര്യാ അവ നിക്ക്” മല്ലൻ പറഞ്ഞു.