താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 22 —


ഇണക്കിളികൾ പറ്റംചേൎന്നു പോവുകയാണ് അവറ്റകൾ വിതക്കുന്നില്ല. കൊയ്യുന്നില്ല. കാത്തിരിക്കുന്നില്ല. വരുവാനിരിക്കുന്ന ദിനങ്ങളെക്കുറിച്ച് അവറ്റകൾക്കു ചിന്തയുമില്ല. പക്ഷെ തോക്കുമുയർത്തി, പാത്രം, പതുങ്ങിയും മല വേടന്മാർ അവസരം കാത്തിരിക്കുന്നതുമാത്രം അവ അറിയുന്നില്ല. എത്രകണ്ടു ആനന്ദപ്രദമാണവറ്റകളുടെ ജീവിതം.

വൈകുന്നേരമായപ്പോൾ എനിക്കു നടക്കുവാനും, കാറ്റുകൊള്ളുവാനുമൊക്കെ തോന്നി. ഇനി ചികിത്സയൊന്നും ലഭിച്ചില്ലെങ്കിലും എനിക്കെവിടെയും പോകാം, എന്റെ ശരീരത്തിനൊരാരോഗ്യക്കുറവും തോന്നുന്നില്ല. എനിക്കൊന്നുമില്ല. കാലിലെ മുറിവു്.... അതു പഴുത്തേക്കും...... അതുകൂടി ഇല്ലായിരുന്നെങ്കിൽ ഞാനാരും കാണാതെ ഇവിടുന്നു പോകുമായിരുന്നു.

എന്റെ ലീസാ! എനിക്കവളെ കാണണം. ശാന്തയെ പോലെ ആയിരം ശാന്തമാർ അടുത്തിരുന്നാലും എന്റെ ലീസായുടെ സാന്നിദ്ധ്യം എനിക്കതിലേറ്റം അഭികാമ്യമാണു്.

“എന്തായിത്ര ആലോചന”

കുശലം ചോദിച്ചുകൊണ്ടു മന്ദഹസിച്ചിരുന്ന മുഖവുമായി അവളെത്തിക്കഴിഞ്ഞു. എന്റെ കിടപ്പാണവൾക്കെപ്പോഴും നിരീക്ഷണവിഷയം. കട്ടിലിൽ വന്നിരുന്നുകൊണ്ടു എന്റെ മുറിവു പറ്റിയ കാലിലവൾ ഒരു വിഹഗവീക്ഷണം നടത്തും. ഞാൻ സസ്നേഹം അവളെത്തന്നെ സൂക്ഷിച്ചു. എന്തോ ഒരു ചാരിതാൎത്ഥ്യം ആ മുഖത്തൊക്കെ കളിയാട്ടുന്നു.

“എനിക്കെന്നു പോകാം”?

അല്പം തിടുക്കത്തിൽ ഞാനാരാഞ്ഞു.