“എന്താ നേരത്തെ അറിയിച്ചിരുന്നുവോ?”
“ഉം. ഞാൻ മൈസൂരിൽനിന്നേ ഫോൺ ചെയ്തിരുന്നു. കൃത്യം 8–30തിനു മുമ്പെത്തുമെന്നു്.”
“ഇപ്പോൾ സമയമെന്തായി?”
“8–5” വാച്ചുനോക്കിക്കൊണ്ടദ്ദേഹം തുടൎന്നു. “ഓ ആ കാണുന്നതാ സ്റ്റേഷൻ”
അകലെ വെള്ളയടിച്ച കുഴിമാടംപോലെ ഒരു കെട്ടിടം കണ്ടു. തീവണ്ടിയാഫീസു്!
തീവണ്ടി ഫ്ളാറ്റുഫോമിനോടു ചേൎന്നുനിന്നു. ഞങ്ങൾ താഴെയിറങ്ങി. അദ്ദേഹത്തിന്റെ വിലതീരാത്ത റിക്കാർഡുകൾ സൂക്ഷിച്ചിരിക്കുന്ന ബാഗു ഞാനാണെടുത്തത്. രണ്ടു മിനിറ്റേ ഈ സ്റ്റേഷനിൽ തീവണ്ടി താമസിക്കൂ. അതു കൊണ്ടു് യാത്രക്കാർ ധൃതിവെച്ചു തങ്ങളുടെ സ്ഥാനം പിടിക്കുകയാണു്.
“അച്ഛാ” എന്നു വിളിച്ചുകൊണ്ടു ഒരു ഇരുപതുകാരി സുന്ദരി വാനിറ്റി ബാഗു കൈവിരലിൽ കറക്കി ഞങ്ങളുടെ അടുത്തേക്കു വന്നു.
“പ്രേമേ, നീയൊത്തിരി നേരമായോ കാത്തുനില്‌ക്കാൻ തുടങ്ങിയിട്ട്.” സ്നേഹനിധിയായ പിതാവന്വേഷിച്ചു.
“ഓ പതിനഞ്ചു മിനിറ്റായി ഞാൻ വന്നിട്ടു്” അവൾ അറിയിച്ചു.
അവർ എന്നെ സൂക്ഷിച്ചൊന്നു നോക്കി. എന്റെ ഉള്ളിലൂടെ ഒരു തീപ്പന്തം പോയപോലെ തോന്നി. അവളൊന്നു ചിരിച്ചു. ഒരു പുഞ്ചിരി. പക്ഷെ ദാഹിക്കുന്നതു പോലെ എനിക്കുതോന്നി. എന്തുകൊണ്ടാണെനിക്കറിഞ്ഞുകൂടാ.