താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 97 —


“അനന്തരവൻ പിന്നെ പിരിഞ്ഞുപോയതെന്താ?” ഞാൻ ചോദിച്ചു. തികച്ചും യുക്തിപൂർവ്വമായ ഒരു ചോദ്യമാണതെന്നു് എനിക്കും തോന്നി.

“രാജു കേട്ടുകാണും. വേണു എന്നാണവന്റെ പേരു്. ഇപ്പവനൊരു സിനിമാക്കമ്പനിയായിട്ടു നടക്കുകയാ. അവനതിനു പോയ നാൾമുതൽ മാനേജരുദ്യോഗത്തിനു യോഗ്യനായ ആളെ കിട്ടിയില്ല. ഇപ്പളെന്റെ മകളാണതു കൂടി നോക്കുന്നത്.” ഏററവും സൗമ്യമായ രീതിയിലുള്ള ശങ്കരൻ മുതലാളിയുടെ സംസാരം എനിക്കുന്മേഷം നൽകുന്നതുപോലെ തോന്നി.

ഹൃദയത്തിനും ശരീരത്തിനുമുണ്ടായിരുന്ന ആവിരസത താനേ മാറി. എന്തോ ഒക്കെ ചെയ്തതുപോലെയും ഇനിയും എന്തിനോ കൂടി എന്റെ സാന്നിദ്ധ്യമാവശ്യമുള്ളതുപോലെയും എനിക്കു തോന്നി. വിചിത്രമായ ഒരു മാനസിക പരിവൎത്തനം വന്നതായി അനുഭവപ്പെട്ടു. ഒരു പുതിയ ലോകത്തിലേക്കു കരകയറ്റപ്പെട്ടതുപോലെ എന്റെ മനസ്സു മധുരിച്ചു. “ഇത്ര വലിയ ജോലി”—അൎദ്ധോക്തിയിൽ ഞാൻ സംശയം പ്രകടിപ്പിച്ചു. എന്തും ചോദിക്കുവാൻ മടി വിചാരിക്കണ്ടതില്ല എന്നുള്ള ബോദ്ധ്യത്തിലാണ് ഞാനീയാശയം ഉന്നയിച്ചതു്.

“അതിലൊന്നും ഭയപ്പെടേണ്ട. പ്രേമകൂടി രാജുവിനെ സഹായിക്കും!” അദ്ദേഹം എന്റെ വാദഗതിയെ അസാധ്യവാക്കി.

“പ്രേമ?” സംശയഭാവത്തിൽ ഞാൻ ചോദിച്ചു.

“എന്റെ മകളാണു്” ഒരു പുഞ്ചിരിയോടെ മുതലാളി പറഞ്ഞു. പെട്ടെന്നെനിക്കൊരു തോന്നലുണ്ടായി ഞാൻ ഇല്ലിക്കൂട്ടിൽ മറഞ്ഞിരുന്നപ്പോൾ നടത്തുകാരൻ കുഞ്ചു

13