Jump to content

താൾ:അമൃതവീചി.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ദിവ്യാനുഭൂതി



നുപമകൈവല്യകൗമുദിയി-
ലഖിലപ്രപഞ്ചവും മഗ്നമാക്കി
അറിവിന്റെ വാടാവിളക്കുമായെ-
ന്നരികിലണയും നീയാരു ദേവി?
ഇരുളിലത്താരകളെന്നപോലെൻ
കരളിൽ നിന്നാഗമനോന്മദങ്ങൾ
തെളിയുന്നു മേല്ക്കുമേലിത്രനാളു-
മൊളിവിൽ നിന്നീടിനോരത്ഭുതമേ!
വികസിക്കയാണെന്നിലിപ്പളേതോ
വിലമാനുഭൂതിതൻ കോരകങ്ങൾ.
അവയിലെപ്പാവനശാന്തതത-
ന്നവികലസൗരഭധോരണിയിൽ
അലിയുന്നിതിപ്പൊഴുതെന്നോടൊപ്പ-
മവനിയും സർവ്വചരാചരവും.
സരസേ, നിൻ സൗഹൃദസാന്ദ്രമാകും
സരളസനാതനമൗനഗാനം
ഒരു മഹൽസ്വർഗ്ഗകല്ലോലിനിയായ്
തിരകളിളകിത്തുളുമ്പി വെമ്പി
ഒഴുകുന്നു മേന്മേലീ വിശ്വപാപം
മുഴുവൻ കഴുകിത്തുടച്ചുനീക്കി!
കനിവാർന്നതിലെന്റെ ജീവിതത്തിൽ
കലകക്കളിത്തോണിയാരൊഴുക്കി?
അനുപമസ്വർഗ്ഗപ്രകാശമേ, നി-
ന്നനഘാഗമത്തിൽ ഞാൻ ധന്യനായി.

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/15&oldid=216617" എന്ന താളിൽനിന്ന് ശേഖരിച്ചത്