Jump to content

തളിത്തൊത്തുകൾ/വിശ്വസംസ്കാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

  വിശ്വസംസ്കാരം

പരിവർത്തനങ്ങൾക്കുമപ്പുറത്തായ്
പരിലസിച്ചീടും പ്രകാശകേന്ദ്രം
അറിവിന്റെ ദാഹത്തിനെന്നുമെന്നു-
മമൃതം ചൊരിഞ്ഞു തെളിഞ്ഞു നിൽപൂ!
നിജനിത്യസമ്പത്തിൻ നിസ്തുലമാം
രജതരമണീയ രശ്മിപൂരം,
മറവിക്കും മായ്ക്കാൻ കഴിഞ്ഞിടാതെ
മഹിമകൊള്ളുന്നു മർത്ത്യഹൃത്തിൽ.

എരിയുന്ന ജീവിതം വാടിവീഴാ-
നൊരു നവസാന്ത്വനച്ഛായയിങ്കൽ
സദയം കിടത്തിയുറക്കുകയാ-
ണതുനിത്യം ഭാവനപ്പൂവിരിപ്പിൽ.
വളരാൻ തുടങ്ങുന്ന മാനസങ്ങൾ
വഴിയുമാദർശത്തിൽ മുക്കിമുക്കി,
മഹിയിലെന്നെന്നും ജയിക്ക മേന്മേൽ
മഹനീയവിശ്വസംസ്കാരമേ, നീ!

                        -4-12-1936