ഉള്ളടക്കത്തിലേക്ക് പോവുക

തനയാ നിന്നുടെ പേർക്കായി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
             സൂരുട്ടി – മിശ്രചാപ്പ്
                   പല്ലവി
തനയാ! നിന്നുടെ പേർക്കായി -ട്ടെന്നുടെ ചോര
ബലി ചെയ്തയായതിനെ ഓർക്ക!

          അനുപല്ലവി
വിനയാൽ നീ നരകത്തീ-ക്കനലിൽ വീഴുവാറായി
മനസ്സാ-ലെന്നുടെ ജീവൻ- നിനക്കായ് തന്നു വീണ്ടില്ലേ?-

ഇതിനെ നീ കരുതീടാതെ മായാ മോഹത്താൽ
മതി കേടായ് നടന്നിടാതെ-
ചതിയനാം പിശാചിനെ അതിദൂരെ അകറ്റാഞ്ഞാൽ
പതിയും നീ നരകത്തിൽ അതിന്നില്ലേതുമേ മാറ്റം

ഇതിനു തുല്ല്യമായെന്തോ നീ- തന്നിടും പാപി
കുതുകമോടിതു ചിന്തിക്ക-
ആതിരറ്റുള്ളോരു മോദം അകമേ തന്നതിനായി
പതിയാമെന്നുടെ ചാരെ വരിക നീ മടിയാതെ

ദുരിതം ഞാൻ പലതുമേറ്റു നിൻ ദുരിതങ്ങൾ
ശിരസ്സിൽ ഞാൻ ചുമന്നു തീർത്തു
കരുതുകി-ന്നിതിനെ നീ – അരുതു സംശയമേതും
വിരുതു വാങ്ങുവാനായ് നീ- കുരിശും കൊണ്ട് ശീഘ്രം വാ!

വരുമോരോ ഞരുക്കം ഭൂമൌ നീ അതിനാലെ
പരിതപിച്ചിരുന്നീടാതെ-
മരണനാഴികയോളം ഇരിക്ക വിശ്വസ്തനായി
തരുവേൻ ജീവകിരീടം അതിനു സംശയിക്കേണ്ട

ദിനവും നീ മരിച്ചീടേണം- എന്നിൽ ജീവിപ്പാൻ
വിനയം നീ ധരിച്ചീടേണം
അകമേ ഞാൻ വളരേണം പുറമെ നീ നശിക്കേണം
കറയെ ഞാൻ കളയുമ്പോൾ ഭ്രമിച്ചീടേണ്ട നീ ഏതും.