ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും/ആമുഖം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും (ശാസ്ത്രം)
രചന:കെ. പാപ്പൂട്ടി
ആമുഖം

[ 9 ] ആമുഖം


"യോ നരഃ ശാസ്ത്രമജ്ഞാത്വാ ജ്യോതിഷം ഖലുനിന്ദതി

രൗരവം നരകം ഭുക്ത്വാ സോന്ധത്വം ചാന്യജന്മനി"

അജ്ഞതകൊണ്ട് ജ്യോതിഷത്തെ നിന്ദിക്കുന്നവൻ ആരായാലും രൗരവം നരകം ഭുജിച്ചു അടുത്ത ജന്മത്തിൽ അന്ധരായി ജനിക്കും എന്നാണ് പരാശര മുനി താക്കീതു നൽകുന്നത്. എന്തായാലും ഈ പുസ്തകത്തിൽ ജ്യോതിഷനിന്ദ അശേഷം ഉണ്ടാകരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതു പരാശരമുനിയുടെ താക്കീതു കേട്ടു ഭയന്നിട്ടല്ല, മറിച്ച് പ്രാചീന ജ്യോതിഷത്തോടു കലശലായ ആദരവ് ഉള്ളതുകൊണ്ടാണ്.

ഇതിനർഥം ജ്യോതിഷത്തെ വിമർശിക്കില്ല എന്നല്ല. ജ്യോതിഷത്തിന്റെ ഫലഭാഗത്തോട് (ജോത്സ്യത്തോട്) കടുത്ത വിയോജിപ്പും അനാദരവും എനിക്കുണ്ട്. അതു തുറന്നു പറയുകയും ചെയ്യും.

ഒത്തിരി തെറ്റിദ്ധാരണകൾ നിലനിൽക്കുന്ന ഒരു പ്രാചീന വിജ്ഞാന ശാഖയാണ് ജ്യോതിഷം. ചിലർ അതിനെ വെറും അന്ധവിശ്വാസം മാത്രമായി കാണുന്നു. ശാസ്ത്രബോധമില്ലാത്ത പാവങ്ങളെ ചൂഷണം ചെയ്യാൻ ചില സൂത്രശാലികൾ കണ്ടെത്തിയ വിദ്യയായി മാത്രം.

മറ്റു ചിലർ അതിനെ ആരാധനയോടെ വീക്ഷിക്കുന്നു. ഭാരതത്തിന്റെ മഹത്തായ പൈതൃകമായതിനെ കരുതുന്നു. നമ്മുടെ മുനികൾ അവരുടെ ദിവ്യദൃഷ്ടികൊണ്ടു കണ്ടെത്തിയ പരമസത്യങ്ങളാണതിലുള്ളത്. അതിനെ ചോദ്യം ചെയ്യുന്നത് നമ്മുടെ സാംസ്കാരിക പാരമ്പര്യത്തോടുള്ള അനാദരവും ദൈവനിന്ദയുമാണ്. ശിവപുത്രനായ സുബ്രഹ്മണ്യനാണ് ജ്യോതിഷത്തിന്റെ ഉപജ്ഞാതാവ് എന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ 'സ്കന്ദഹോര'യാണത്രെ ആദ്യത്തെ ജ്യോതിഷഗ്രന്ഥം. പിന്നീട് മറ്റനേകം മഹർഷിമാർ ആ ശാസ്ത്രത്തെ സമ്പുഷ്ടമാക്കി. പിതാമഹൻ, വസിഷ്ഠൻ, അത്രി, മനു, പുലസ്ത്യൻ, രൗമശൻ, മരീചി, അംഗിരസ്, വ്യാസൻ, നാരദൻ, ശൗനകൻ, ഭൃഗു, ച്യവനൻ, ഗാർഗ്ഗൻ, പരാശരൻ, യവനൻ എന്നിങ്ങനെ പോകുന്നു അവരുടെ പട്ടിക. പക്ഷേ, ഇവർ രചിച്ചു എന്നു പറയുന്ന ഹോരാശാസ്ത്ര ഗ്രന്ഥങ്ങളിലേറെയും ഇതുവരെ കണ്ടെത്തിയിട്ടില്ല. ചിലതിന്റെ വ്യാഖ്യാനങ്ങളും വരാഹമിഹിരനെപ്പോലുള്ളവരുടെ കൃതികളിൽനിന്നു ലഭിച്ച വിവരണങ്ങളും മാത്രമാണാശ്രയം. മിക്കതും (സ്കന്ദഹോര ഉൾപ്പെടെയുള്ളവ) ഒരിക്കലും രചിക്കപ്പെടാത്ത, വെറും ഐതിഹ്യങ്ങൾ മാത്രവുമാകാം. [ 10 ]

ഭാരതത്തിൽ നമുക്കിന്നു ലഭ്യമായിട്ടുള്ള ഏറ്റവും പഴയ ജ്യോതിഷഗ്രന്ഥം ലഗധമുനിയുടെ 'വേദാംഗ ജ്യോതിഷം' ആണ്. ക്രിസ്തുവിന് മുമ്പ് 9-ആം നൂറ്റാണ്ടിനടുത്താണ് അതിന്റെ രചനാ കാലം എന്നാണ് ചരിത്രകാരന്മാർ പറയുന്നത് 'ജ്ഞാനരാശി കൊണ്ട് ജ്ഞേയരാശിയെ അറിയുന്ന' (ദ്യശ്യരാശിയിൽ നിന്ന് അദൃശ്യരാശിയെ ഗണിച്ചെടുക്കുന്ന) ലഗധന്റെ രീതി ഭാരതത്തിൽ ജ്യോതിഷത്തിന്റെ വളർച്ചയെ നന്നായി സഹായിച്ചു.

ലഗധനു മുമ്പുതന്നെ വേദങ്ങളിലും വേദവ്യാഖ്യാനങ്ങളിലും ജ്യോതിഷത്തെ സംബന്ധിച്ച ധാരാളം സൂചനകൾ ഉണ്ട്. ഋഗ്വേദകാലത്തുതന്നെ 27-ഓ 28-ഓ ചാന്ദ്രരാശികളെ (ജന്മനക്ഷത്രങ്ങൾ) തിരിച്ചറിഞ്ഞിരുന്നു. (അഭിജിത്ത് എന്ന നക്ഷത്രത്തെക്കൂടി ജന്മനക്ഷത്രമായി എണ്ണുമ്പോഴാണ് 28 എണ്ണം കിട്ടുക) എന്നാൽ അവയിലൊന്നുംതന്നെ വിശദാംശങ്ങൾ വേണ്ടത്രയില്ല. എങ്കിലും ജ്യോതിഷ പഠനത്തിന്റെ ലക്ഷ്യങ്ങൾ വ്യക്തമാണ്. പ്രാചീന ഭാരതത്തിൽ ജ്യോതിഷത്തിന്റെ പ്രധാന ഉദ്ദേശ്യം കാലഗണനയും ദിക്‌ഗണനയുമായിരുന്നു. വേദാംഗ ജ്യോതിഷം പറയുന്നത് ഇപ്രകാരമാണ് "ബലികർമങ്ങൾ അനുഷ്ഠിക്കുന്നതിനാണ് വേദങ്ങൾ കാലക്രമമനുസരിച്ച് ആചാരങ്ങൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നു ആയതിനാൽ കാലഗണനാ ശാസ്ത്രം അറിയുന്നവനേ ബലി കർമങ്ങൾ ആകാവൂ". പുരോഹിതൻ 'നക്ഷത്രപാഠകൻ' ആയിരിക്കണമെന്ന് വേദങ്ങളും അനുശാസിക്കുന്നുണ്ട്.

വേദങ്ങളിലോ വേദാംഗജ്യോതിഷത്തിലോ, ജാതകംവെച്ചുള്ള ഫലഭാഗചിന്ത നാം കാണുന്നില്ല. അന്ന് അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ ലഗധൻ അതു സൂചിപ്പിക്കാതിരിക്കില്ല; കാരണം അതു ജ്യോതിഷകാര്യങ്ങളും അനുഷ്ഠാനങ്ങളും മാത്രം ചർച്ച ചെയ്യുന്ന ഒരു കൃതിയാണ്. ഇന്ത്യയിൽ ഫലഭാഗം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ക്രിസ്തുവർഷാരംഭത്തിനു തൊട്ടുമുമ്പാണ് എന്നതിന് ധാരാളം തെളിവുകളുണ്ട്. അത് വ്യാപകമാകുന്നത് ക്രിസ്തുവർഷം 6-7 നൂറ്റാണ്ടുകളിലും. വരാഹമിഹിരനും ബ്രഹ്മഗുപ്തനുമാണ് അതിൽ പ്രമുഖ പങ്ക് വഹിച്ചത്. ഇക്കാര്യങ്ങൾ നാം കൂടുതൽ വിശദമായി ചർച്ച ചെയ്യും.

ജ്യോതിഷത്തെ വിമർശിക്കുന്നവരും അനുകൂലിക്കുന്നവരും അതിനെ ശരിക്കും മനസ്സിലാക്കിയിട്ടല്ല അങ്ങനെ ചെയ്യുന്നത് എന്നു തോന്നുന്നു. സത്യത്തിൽ ജ്യോതിഷം പൂർണമായും അന്ധവിശ്വാസമല്ല. അതിലെ ഗണിതഭാഗം പ്രാചീന ജ്യോതിശ്ശാസ്ത്രമാണ് നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും സ്ഥാനങ്ങളും സ്ഥാനചലനങ്ങളും നിരീക്ഷിച്ച് കാലാവസ്ഥ പ്രവചിക്കുകയും പ്രായം ഗണിക്കുകയും ദിക്കുകൾ തിരിച്ചറിയുകയും മറ്റുമായിരുന്നു പ്രാചീന ജ്യോതിശ്ശാസ്ത്രത്തിന്റെ ലക്ഷ്യം. [ 11 ] ഇതെങ്ങനെ പിൽക്കാലത്ത് ഫലഭാഗജ്യോതിഷത്തിൽ എത്തിച്ചേർന്നു എന്നതാണ് ഈ പുസ്തകത്തിലെ പ്രധാന പ്രതിപാദ്യം. ഒപ്പം, ഫലഭാഗത്തിന്റെ ചില അടിസ്ഥാനപ്രമാണങ്ങളെ ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ പരിശോധിക്കാനും ഉദ്ദേശിക്കുന്നു.

പുസ്തകത്തിന്റെ ആദ്യഭാഗത്ത് പ്രാചീന ജ്യോതിശ്ശാസ്ത്രത്തിന്റെ വികാസചരിത്രവും മുഖ്യ കണ്ടെത്തലുകളും ചർച്ച ചെയ്യും. ജ്യോതിശാസ്ത്രം ആദ്യം വികാസം പ്രാപിച്ച രാജ്യമോ, ഏറ്റവും വളർച്ച പ്രാപിച്ച രാജ്യമോ ഇന്ത്യയായിരുന്നു എന്നു കരുതാൻ ഒരു ന്യായവും കാണുന്നില്ല. ബാബിലോണിയയിലേയും ചൈനയിലേയും ഗ്രീസിലേയും അതിന്റെ വളർച്ച ചർച്ച ചെയ്യാതെ ശരിയായ ഒരു ചിത്രം നമുക്കു കിട്ടുമെന്നും തോന്നുന്നില്ല. സഞ്ചാരികളും വ്യാപാരികളും വഴി ആദ്യകാലം മുതൽക്കേ ഭാരതത്തിന് ബാബിലോണിയയുമായി ബന്ധമുണ്ടായിരുന്നു. അലക്സാണ്ടറുടെ വരവിനു ശേഷം ഗ്രീസുമായും നമുക്കു നല്ല സാംസ്കാരിക ബന്ധമുണ്ടായി. ജ്യോതിഷത്തിലും ഈ രാജ്യങ്ങളുമായി കൊള്ളക്കൊടുക്കകൾ നടന്നിരുന്നു എന്നു വ്യക്തം. പിന്നീട് ഭാരതീയ ജ്യോതിഷം സ്വന്തം നിലക്ക് ഒട്ടേറെ മുന്നോട്ടു പോയി - ഗണിതഭാഗത്തിലും ഫലഭാഗത്തിലും. ആര്യഭടനെപ്പോലുള്ളവർ ഗണിതഭാഗത്തിൽ മാത്രം സംഭാവനകൾ നൽകിയവതാണ്. കോപ്പർനിക്കസ്സിനും പത്തു നൂറ്റാണ്ടുമുമ്പ് ഭൂമിയുടെ ഭ്രമണം മൂലമാണ് ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും ഉദയാസ്തമയങ്ങൾ ഉണ്ടാകുന്നത് എന്ന് പറയാൻ ആര്യഭടന് കഴിഞ്ഞത് അത്ഭുതകരമായ ഉൾക്കാഴ്ചയും നിരീക്ഷണ പാടവവും ഒത്തുചേർന്നതുകൊണ്ടാണ്. എങ്കിലും ഭാരതത്തിൽ പിടിമുറുക്കിക്കഴിഞ്ഞിരുന്ന ഫലഭാഗജ്യോതിഷം ഇത്തരം ശാസ്ത്രചിന്തകളെയെല്ലാം പിന്നീട് ഞെരിച്ചുകൊന്നുകളഞ്ഞു. അതിന്റെ നാമ്പുകൾ പിന്നീടു പ്രത്യക്ഷപ്പെട്ടത് അറബിനാടുകളിലാണ്. അവരുടെ സംഭാവന സാമാന്യം വിശദമായിത്തന്നെ നാം ചർച്ചചെയ്യും.

ജ്യോതിഷത്തെ ഒരു ശാസ്ത്രവിഷയമായംഗീകരിക്കണമെന്നും സർവകലാശാലകളിൽ ഒരു പാഠ്യവിഷയമാക്കണമെന്നും ഉള്ള അഭിപ്രായം അടുത്ത കാലത്തായി ചിലർ പ്രകടിപ്പിച്ചിട്ടുണ്ട്. യു ജി സി പോലും അത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുകയുണ്ടായി. 'ശാസ്ത്രം' എന്ന പദം സംബന്ധിച്ച തെറ്റിദ്ധാരണ ഇവിടെ സ്പഷ്ടമാണ്. 'സയൻസ്' എന്ന ഇംഗ്ലീഷ് പദത്തിനു പകരമാണ് നാമിപ്പോൾ 'ശാസ്ത്രം' എന്ന പദം ഉപയോഗിക്കുന്നത്. എന്നാൽ പ്രാചീനകാലത്ത് 'ശാസിക്കപ്പെട്ടത്' ആയിരുന്നു 'ശാസ്ത്രം'. അതായത്, വിജ്ഞന്മാർ അനുശാസിച്ച കാര്യങ്ങൾ എന്നർഥം. അതിനു സയൻസിന്റെ യുക്തിഭദ്രതയോ [ 12 ] നിരീക്ഷണ - പരീക്ഷണങ്ങളുടെ അടിത്തറയോ ശരീരപരിശോധനാ രീതികളോ അത്യാവശ്യമല്ല. അങ്ങനെയാണ് 'നാട്യശാസ്ത്ര'വും 'കാമശാസ്ത്ര'വും എല്ലാം ശാസ്ത്രമാകുന്നത്. ജ്യോതിഷവും ആ അർഥത്തിൽ ഒരു ശാസ്ത്രമാണ്. എന്നാൽ 'സയൻസ്' എന്ന അർഥത്തിൽ ശാസ്ത്രമല്ല 'ഒട്ടൊക്കും ഒട്ടൊക്കില്ല' എന്നതാണ് പ്രവചനങ്ങളെ സംബന്ധിച്ച അതിന്റെ നിലപാടുതന്നെ. അതെങ്ങനെ സയൻസ് ആകും?

ചുരുക്കത്തിൽ ജ്യോതിഷത്തിന്റെ ഫലഭാഗത്തോട് നമുക്ക് വിയോജിപ്പുണ്ട്. അത് അശാസ്ത്രീയമാണ്. കുറച്ചുപേർ വയറ്റിപ്പിഴപ്പിന്നായി അതുപയോഗിക്കുന്നതിൽ വിരോധമുണ്ടായിട്ടല്ല. അതു സമൂഹത്തിൽ സ്വതന്ത്ര ചിന്തക്കും ശാസ്ത്രബോധത്തിനും കൂച്ചുവിലങ്ങിടുകയും വിധിവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടാണ് നാമതിനെ എതിർക്കേണ്ടത്. അതുകൊണ്ടുതന്നെ സർക്കാർ ചെലവിൽ അതു പഠിപ്പിക്കാനുള്ള നീക്കത്തേയും എതിർത്തേ മതിയാകൂ. ശാസ്ത്രബോധമുള്ള സമൂഹത്തെ വളർത്താൻ ശ്രമിക്കും എന്ന ഭരണഘടനാവാഗ്ദാനത്തിന്റെ ലംഘനമാണത്.

ജ്യോതിഷ സംബന്ധിയും ജ്യോതിശാസ്ത്ര സംബന്ധിയുമായ പുസ്തകങ്ങൾ മലയാളത്തിൽ ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും രണ്ടിനേയും തമ്മിൽ യുക്തിസഹമായി ബന്ധിപ്പിക്കുന്ന ഒരു കൃതിയുടെ അഭാവം നന്നായി അനുഭവപ്പെട്ടിട്ടുണ്ട്. അതു പരിഹരിക്കാനുള്ള ഒരു ശ്രമത്തിന്റെ തുടക്കമായി ഈ പുസ്തകത്തെ കരുതാം. കേരളീയർ പൊതുവെ മുഴുത്ത ജ്യോതിഷ വിശ്വാസികളോ കടുത്ത ജ്യോതിഷ വിരോധികളോ അല്ല. വിവാഹം, ഗൃഹപ്രവേശം, ശിശുജനനം തുടങ്ങിയ പ്രധാന സംഭവങ്ങളോടനുബന്ധിച്ചുള്ള ചില ചടങ്ങുകൾക്ക് ഭൂരിഭാഗംപേരും വിധേയരാകും എന്നുമാത്രം. എന്തിന് എതിർത്തു വേണ്ടാത്ത വിമർശനങ്ങളും അതൃപ്തിയും വിളിച്ചുവരുത്തുന്നു എന്നതാണ് മിക്കവരുടേയും നിലപാട്. ഒരു വേള ജ്യോതിഷപ്രവചനങ്ങൾ ശരിയായെങ്കിലോ എന്നു ചിന്തിക്കുന്നവരുമുണ്ട്. ഫലചിന്തയുടെ ശാസ്ത്രീയതയേയോ, സാമൂഹ്യ ഫലത്തേയോ കുറിച്ച് അവർ വേവലാതിപ്പെടുന്നില്ല. അതിന്നാവശ്യമായ അടിസ്ഥാന വിവരങ്ങൾ അവർക്കു ലഭ്യമല്ല എന്നത് ഇതിനൊരു കാരണമാവാം. ഈ ഒരു കുറവു നികത്തുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. അതിൽ എത്രമാത്രം വിജയിക്കാൻ കഴിഞ്ഞു എന്നു വായനക്കാർ വേണം തീരുമാനിക്കാൻ. അവർക്കു മുന്നിൽ വിമർശനങ്ങൾക്കും ചർച്ചകൾക്കം നിർദ്ദേശങ്ങൾക്കുമായി ഈ പുസ്തകം സമർപ്പിക്കുന്നു.


കെ.പാപ്പുട്ടി