ജയ ജയ ക്രിസ്തുവിൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ജയ! ജയ! ക്രിസ്തുവിൻ

രചന:എം.ഇ. ചെറിയാൻ
       ചരണങ്ങൾ 


ജയ! ജയ! ക്രിസ്തുവിൻ തിരുനാമം
പാപികൾക്കാനന്ദ വിശ്രാമം
ജയ! ജയ! നിർമ്മല സുവിശേഷം
കുരിശിൻ നിസ്തുല സന്ദേശം

പാപം തരുവതു വൻമരണം
ശാപം നിറയുമെരിനരകം
കൃപയാൽ ദൈവം നൽകുവതോ
ക്രിസ്തുവിൽ പാപവിമോചനമേ
 
നരകാഗ്നിയിൽ നാമെരിയാതെ
ചിരകാലം നാം വലയാതെ
പരഗതി നമ്മൾക്കരുളാനായ്
പരമസുതൻ വന്നിഹ നരനായ്

ആത്മവിശപ്പിനു വിരുന്നും വൻ
പാപവിഷത്തിനു മരുന്നും താൻ
തീരാവിനകൾ തീർക്കുമവൻ
ധാരാളം കൃപ നൽകുമവൻ

കുരിശിൽ ചിന്തിയ തൻചോരക്കൊരു
നികരുണ്ടോയിനി വേറെ
തിരുനാമം പോലൊരു നാമം
തരുമോ ശാശ്വത വിശ്രാമം?

ഇതുപോലിനിയാർ സ്നേഹിപ്പാൻ
ഇതുപോലാരിനി സേവിപ്പാൻ
അനുദിനം നമ്മെ പാലിപ്പാൻ
ആരുണ്ടിതുപോൽ വല്ലഭനായ്

ഗുരുവരനേശുവിന്നരികിൽ
വരുമ്പോഴുതാനന്ദം പരമാനന്ദം
തിരനിര തീർന്നിനിയക്കരെ
നാട്ടിൽ ചേരുമ്പോഴെന്താനന്ദം!

"https://ml.wikisource.org/w/index.php?title=ജയ_ജയ_ക്രിസ്തുവിൻ&oldid=216941" എന്ന താളിൽനിന്ന് ശേഖരിച്ചത്